അതേസമയം മുന്‍നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും കളക്ടറുടെ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ നാളെ (നവംബര്‍ 11) ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു. വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയ തിരുന്നാള്‍ മഹോത്സവത്തോടനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലെയും മുന്‍പ് നെയ്യാറ്റിന്‍കര താലൂക്കില്‍ ഉള്‍പ്പെട്ടിരുന്നതും ഇപ്പോള്‍ കാട്ടാക്കട താലൂക്കില്‍ ഉള്‍പ്പെടുന്നതുമായ അമ്പൂരി, വാഴിച്ചല്‍, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറൂര്‍, കുളത്തുമ്മല്‍, മാറനല്ലൂര്‍, മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, വിളപ്പില്‍ എന്നീ വില്ലേജ് പരിധിയില്‍ വരുന്നതുമായ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് നാളെ ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചത്. അതേസമയം മുന്‍നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും കളക്ടറുടെ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. നവംബര്‍ 11 മുതല്‍ 20 വരെയാണ് വെട്ടുകാട് ദേവാലയത്തില്‍ തിരുനാള്‍ മഹോത്സവം നടക്കുന്നത്.
അതേസമയം പാലക്കാട് നിന്നും മറ്റൊരു പ്രാദേശിക അവധി അറിയിപ്പ് കൂടിയുണ്ട്. കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നവംബര്‍ 16 ന് പാലക്കാട് താലൂക്ക് പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. ജില്ലാ കളക്ടറാണ് കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. ഇവിടെയും മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് ഈ അവധി ബാധകമല്ലെന്ന് കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ പൈതൃക ഗ്രാമമായ കൽപ്പാത്തിയിൽ ആയിരക്കണക്കിനാളുകളാണ് ദേവരഥസംഗമം കാണാൻ എത്താറുള്ളത്. പുതിയ കൽപ്പാത്തി ഗ്രാമത്തിലാണ് അഞ്ച് രഥങ്ങൾ തേരു മുട്ടിയിൽ സംഗമിക്കുക. കൽപ്പാത്തി രഥോത്സവത്തിന്റെ ഏറ്റവും ആകർഷകമായ മുഹൂർത്തമാകും അത്. വൈകീട്ട് ആറു മണിയോടെ തേരു മുട്ടിയിൽ ആദ്യമെത്തുക വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ മൂന്ന് രഥങ്ങളാണ്. പിന്നീട് രാവിലെ പ്രയാണം തുടങ്ങിയ ചാത്തപ്പുരം പ്രസന്ന മഹാ ഗണപതി, പഴയ കൽപ്പാത്തി ലക്ഷ്മി പെരുമാൾ എന്നീ ക്ഷേത്രങ്ങളിലെ രഥങ്ങളുമെത്തും. ആയിരങ്ങൾ ആർപ്പു വിളികളോടെ ഈ മനോഹര മുഹൂർത്തത്തിന്‍റെ ഭാഗമാകും. ഇക്കാഴ്ച്ച ആസ്വദിക്കാൻ ദേവതകൾ പോലും എത്തും എന്നാണ് വിശ്വാസം. കൊവിഡ് നിയന്ത്രണങ്ങളാൽ രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന രഥോത്സവം പൂർണ തോതിൽ ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികൾ.
