ബസിന്‍റെ മുകളിലെ എ സി യുടെ ഭാഗങ്ങളും തകർന്നു. പാലത്തിലെ സിഗ്നല്‍ ലൈറ്റുകളും തകര്‍ന്നിട്ടുണ്ട്. 

കോഴിക്കോട്: നവീകരണത്തിന് ശേഷം ഇന്നലെ ഉദ്ഘാടനം ചെയ്ത കോഴിക്കോട് ഫറോക് പഴയ പാലത്തിൽ ടൂറിസ്റ്റ് ബസ് കുടുങ്ങി. പാലത്തിന്‍റെ മുകൾ ഭാഗത്തു തട്ടി ബസിനു കേടുപാട് സംഭവിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് പാലത്തില്‍ ബസ് കുടുങ്ങിയത്. ബസ് പിന്നീട് സ്ഥലത്തു നിന്നും നീക്കി. ബസിന്‍റെ മുകളിലെ എ സി യുടെ ഭാഗങ്ങളും തകർന്നു. പാലത്തിലെ സിഗ്നല്‍ ലൈറ്റുകളും തകര്‍ന്നിട്ടുണ്ട്. 

നവീകരിച്ച പാലം ഉദ്ഘാടനം നടന്നത് കഴിഞ്ഞ ദിവസം

ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ബ്രിട്ടീഷ് നിര്‍മ്മിത പാലം തുരുമ്പെടുത്ത് അപകടസ്ഥയിലായിരുന്നു. അടുത്തിടെ പിഡബ്യൂഡിയുടെ നേതൃത്വത്തില്‍ പൈതൃകസ്മാരകമായി രൂപപ്പെടുത്തിയ പാലം മന്ത്രി മുഹമ്മദ് റിയാസാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. നടൻ കലാഭവൻ ഷാജോണും മന്ത്രിക്കൊപ്പം തുറന്ന വാഹനത്തിൽ പാലത്തിലൂടെ യാത്രചെയ്തു.

90 ലക്ഷം ചെലവഴിച്ചുള്ള ഒന്നാംഘട്ട നവീകരണത്തില്‍ പാലത്തിലെ തുരുമ്പ് പൂര്‍ണമായും യന്ത്രമുപയോഗിച്ച് നീക്കം ചെയ്തിരുന്നു. ദ്വാരങ്ങളടച്ച് ബീമുകള്‍ ഉള്‍പ്പെടെ ബലപ്പെടുത്തി പാലത്തിന് വെള്ളിനിറം നല്‍കി. തകര്‍ന്നു വീഴാറായ ഒമ്പത് ഉരുക്കു കമാനങ്ങള്‍ക്ക് പകരം പുതിയവ സ്ഥാപിച്ചു. ഉയരം കൂടിയ വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ ഹൈറ്റ് ഗേജും സ്ഥാപിച്ചിട്ടുണ്ട്. 

ഫറോക്ക്, ചെറുവണ്ണൂര്‍ എന്നിവിടങ്ങളില്‍ സ്വാഗതകമാനങ്ങളും നിര്‍മ്മിക്കുന്നുണ്ട്. പാലം തുരുമ്പെടുക്കാതിരിക്കാനുള്ള ക്രമീകരണവും ഒരുക്കി. ഇരുകരകളിലും പാലത്തിലേക്കുള്ള റോഡിന്റെ രണ്ടു ഭാഗത്തും പൂട്ടുകട്ട പാകി മനോഹരമായ നടപ്പാതകളും ഒരുക്കിയിട്ടുണ്ട്.

1883 ലാണ് ബ്രിട്ടീഷുകാര്‍ 257 മീറ്റര്‍ നീളവും 4.75 മീറ്റര്‍ വീതിയുമുള്ള പാലം നിര്‍മ്മിച്ചത്. 2005ലാണ് അവസാനം അറ്റകുറ്റപ്പണി നടത്തിയത്. ഉദ്ഘാടനത്തിനായി പാലം ദീപാലംകൃതമാക്കിയിരുന്നു.

'അമിത് ഷായെ വള്ളംകളിക്ക് ക്ഷണിച്ചത് ലാവലിൻ കേസിൽ സഹായം തേടി'; പ്രതിഫലനം ഉടൻ കാണാമെന്ന് എം കെ മുനീർ

ബഫർസോണിൽ സർക്കാരിനെതിരെ ഇടയലേഖനം,പുന:പരിശോധന ഹർജി കണ്ണിൽ പൊടിയിടാനെന്ന് താമരശേരി രൂപത