ആദ്യഘട്ടത്തില്‍ വൈത്തിരി ഗ്രാമപഞ്ചായത്തിലും രണ്ടാംഘട്ടത്തില്‍ മേപ്പാടി ഗ്രാമപഞ്ചായത്തിലുമാണ് പൈലറ്റ് പദ്ധതിയായി പ്രത്യേക വാക്സിനേഷന്‍ ക്യാമ്പയിന്‍ നടത്തുന്നത്

കല്‍പ്പറ്റ: കൊവിഡിന് ശേഷം ഏറ്റവുമധികം തളര്‍ന്നുപോയ വ്യവസായങ്ങളിലൊന്നാണ് ടൂറിസം. സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ ഈ മേഖല പാടെ നിശ്ചലമായി കിടക്കുകയാണ്. അടുത്ത കാലത്തൊന്നും പഴയ രീതിയിലേക്ക് വിനോദ സഞ്ചാരമേഖല വരില്ലെങ്കിലും പുനരുജ്ജീവന പദ്ധതികള്‍ തുടങ്ങിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ആദ്യഘട്ടമെന്നോണമാണ് ടൂറിസം കേന്ദ്രങ്ങളെ പൂര്‍ണമായി കൊവിഡ് വാക്സിനേഷന്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 

ആദ്യ ഘട്ടത്തില്‍ വൈത്തിരി ഗ്രാമപഞ്ചായത്തിലും രണ്ടാംഘട്ടത്തില്‍ മേപ്പാടി ഗ്രാമപഞ്ചായത്തിലുമാണ് പൈലറ്റ് പദ്ധതിയായി പ്രത്യേക വാക്സിനേഷന്‍ ക്യാമ്പയിന്‍ നടത്തുന്നത്. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്, ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് എന്നിവരുടെ നിര്‍ദ്ദേശ പ്രകാരമാണ് സമ്പൂര്‍ണ വാക്സിനേഷനുള്ള നടപടികള്‍ക്ക് ജില്ലാ ഭരണകൂടം തുടക്കം കുറിച്ചിരിക്കുന്നത്. 

ലോക സഞ്ചാരികളെ തന്നെ ആകര്‍ഷിക്കാന്‍ പോന്ന കേന്ദ്രങ്ങള്‍ വയനാട്ടിലുണ്ടെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദ സഞ്ചാരികളുമായി ഇടപഴകേണ്ടി വരുന്ന എല്ലാ ജോലിക്കാരെയും പൂര്‍ണ്ണമായും വാക്സിനേഷന്‍ നടത്താനാണ് ആലോചന. വൈത്തിരി, മേപ്പാടി പഞ്ചായത്തുകളിലെ 18 വയസ്സിനു മുകളില്‍ പ്രായമുള്ള വാക്സിനെടുക്കാത്ത ഹോട്ടല്‍, റിസോര്‍ട്ട്, ഹോം സ്റ്റേ, സര്‍വീസ്ഡ് വില്ല ജീവനക്കാര്‍, ഡ്രൈവര്‍മാര്‍, ടൂറിസ്റ്റ് ഗൈഡുകള്‍, പോര്‍ട്ടര്‍മാര്‍, കച്ചവടക്കാര്‍ തുടങ്ങി എല്ലാ ടൂറിസം മുന്നണി പ്രവര്‍ത്തകര്‍ക്കും പൂര്‍ണമായും വാക്‌സിന്‍ നല്‍കും.

കൊവിഡ് വ്യാപനം കാരണം ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശനത്തിന് നിയന്ത്രണമുണ്ടെങ്കിലും അടുത്ത സീസണ്‍ മുന്‍കൂട്ടി കണ്ടാണ് നടപടികള്‍. ദക്ഷിണേന്ത്യയിലെ തന്നെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ജില്ലയാണ് വയനാട്. അതിനാല്‍ തന്നെ വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് നിരവധി പേരാണ് തൊഴിലെടുക്കുന്നത്. കൊവിഡ് ഒന്നാം തരംഗത്തിലും രണ്ടാംതരംഗത്തിലും മേഖലയാകെ സ്തംഭിച്ചിരിക്കെയാണ് സര്‍ക്കാരിന്റെ ക്രിയാത്മകമായ നടപടി.

ടൂറിസം രംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെല്ലാം തീരുമാനത്തെ പൂര്‍ണമനസോടെ സ്വഗതം ചെയ്തിട്ടുണ്ട്. വിനോദസഞ്ചാരമേഖലയിലെ നഷ്ടം വിലയിരുത്തി വരുന്നതേയുള്ളു. മുമ്പെങ്ങുമില്ലാത്ത വിധം കോടികളുടെ നഷ്ടവും നിരവധി പേരുടെ ഉപജീവനമാര്‍ങ്ങളും തീര്‍ത്തും ഇല്ലാതായ തൊഴിലിടം കൂടിയാണിത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona