ഇടുക്കി: വരയാടുകളുടെ പ്രജനനകാലം പ്രമാണിച്ച് ഇരവികുളം നാഷണല്‍ പാര്‍ക്കിലെ രാജമലയില്‍ സന്ദര്‍ശകര്‍ക്കു ഇന്നുമുതല്‍ വിലക്ക്. പുതുതായി വരയാട്ടിന്‍കുട്ടികളെ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച പാര്‍ക്ക് അടയ്ക്കുവാന്‍ തീരുമാനിച്ചിരുന്നെങ്കിലും പൊങ്കല്‍ അവധി പ്രമാണിച്ച് സന്ദര്‍ശകരുടെ തിരക്കുണ്ടായിരുന്നതിനാല്‍ പാര്‍ക്ക് അടയ്ക്കുന്നത് നീട്ടിവയ്ക്കുകയായിരുന്നു. മാര്‍ച്ച് 20 നാണ് പാര്‍ക്ക് വീണ്ടും സന്ദര്‍ശകര്‍ക്കായി തുറക്കുക.

 ജനുവരിയുടെ രണ്ടാം പാദം മുതല്‍ മാര്‍ച്ച് വരെയുള്ള കാലഘട്ടത്തിലാണ് വരയാടുകളുടെ പ്രസവകാലം. അപൂര്‍വ്വ ഇനമായ വരയാടുകള്‍ക്ക് പ്രസവസമയത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് പാര്‍ക്ക് അടച്ചിടുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ പ്രജനനം പൂര്‍ത്തിയാകാത്ത പക്ഷം പാര്‍ക്ക് വീണ്ടും തുറക്കുന്ന തീയതിയില്‍ മാറ്റം വന്നേക്കും. കഴിഞ്ഞ നാലുവര്‍ഷത്തെ കണക്കനുസരിച്ച് വംശനാശം നേരിട്ടിരുന്ന വരയാടുകളില്‍ ഗണ്യമായി വര്‍ദ്ധനയുണ്ടെന്നാണ് തെളിഞ്ഞിട്ടുള്ളത്. കഴിഞ്ഞ നാലുവര്‍ഷങ്ങളില്‍ ശരാശരി 70 മുതല്‍ 100 വരെ വരയാട്ടിന്‍കുട്ടികള്‍ പിറക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Read More: സ്കൂളിന് അനുവദിച്ച കെട്ടിടം റിസോര്‍ട്ടാക്കി മാറ്റാനുള്ള ശ്രമം തടഞ്ഞ് റവന്യൂ വകുപ്പ്