മണക്കാട് ചന്തയിൽ ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ച സി ഐ ടിയു യൂണിയന്‍ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. കച്ചവടക്കാരുടെ പരാതിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസ്. 

തിരുവനന്തപുരം: തിരുവനന്തപുരം മണക്കാട് ചന്തയിൽ പരിശോധനയ്ക്കെത്തിയ ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ച സി ഐ ടിയു യൂണിയന്‍ പ്രവര്‍ത്തകരെ ഈ മാസം 16 വരെ റിമാന്‍ഡ് ചെയ്തു. അക്രമത്തില്‍ പരുക്കേറ്റ ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, കച്ചവടക്കാരുടെ പരാതിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.

മണക്കാട് ചുമട്ടുതൊഴിലാളി യൂണിയനിലെ സി ഐടിയും നേതാവ് സുന്ദരപിള്ള,സുരേഷ് എന്നിവെയാണ് റിമാന്‍ഡ് ചെയ്തത്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് മുന്നേടിയായി പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ ഇന്നലെ രാവിലെ യൂണിയന്‍ നേതാക്കള്‍ അക്രമിക്കുകയായിരുന്നു. വനിതാ ഉദ്യേഗസ്ഥ അടക്കം നാലുപേര്‍ക്കാണ് പരിക്കേറ്റത്. കഴുത്തിയും കൈയ്ക്കും പരിക്കേറ്റ മൂന്ന് ഉദ്യോഗസ്ഥര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുദ്രവെയ്ക്കാത്ത ത്രാസ് പിടിച്ചെടുത്തപ്പോളാണ് തൊഴിലാളികള്‍ ആക്രമിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 

ലീഗല്‍ മെട്രേളജി വകുപ്പ് ഉദ്യോഗസ്ഥര്‍ കടയിലെ ത്രാസുകള്‍ നശിപ്പിച്ചെന്നും സ്ത്രീകളെ ഉപദ്രവിച്ചെന്നുമാണ് കച്ചവടക്കാര്‍ പറയുന്നത്. എന്നാല്‍ കച്ചവടക്കാരുടെ പരാതിയില്‍ കഴമ്പില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. കച്ചവടക്കാരുടെ പരാതിയില്‍ ലീഗല്‍ മെട്രേളജി വകുപ്പിലെ കണ്ടാലറിയാവുന്ന അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കോസെടുത്തു. സ്ത്രീകളെ അസഭ്യം പറഞ്ഞതിനും ഉപദ്രവിച്ചതിനുമാണ് കേസെടുത്തത്.