Asianet News MalayalamAsianet News Malayalam

മാലിന്യങ്ങൾ തരം തിരിക്കാൻ വ്യാപാരികൾ തയ്യാറായില്ല; മൂന്നാർ പഞ്ചായത്ത് സെക്രട്ടറി നേരിട്ടെത്തി പരിശോധന, പിഴ

മാലിന്യങ്ങള്‍ വേര്‍തിരിച്ച് നല്‍കാത്ത വ്യാപാരസ്ഥാപനങ്ങള്‍ കണ്ടെത്താന്‍ മിന്നല്‍ പരിശോധനയുമായി മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി അജിത്ത് കുമാര്‍ നേരിട്ടിറങ്ങി.

Traders were unwilling to sort the waste Munnar panchayat secretary inspects and fines
Author
Kerala, First Published Apr 23, 2021, 4:45 PM IST

ഇടുക്കി: മാലിന്യങ്ങള്‍ വേര്‍തിരിച്ച് നല്‍കാത്ത വ്യാപാരസ്ഥാപനങ്ങള്‍ കണ്ടെത്താന്‍ മിന്നല്‍ പരിശോധനയുമായി മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി അജിത്ത് കുമാര്‍ നേരിട്ടിറങ്ങി. മാലിന്യങ്ങള്‍ ശേഖരിക്കുന്ന വാഹനത്തില്‍ തൊഴിലാളികള്‍ക്കൊപ്പമെത്തിയ സെക്രട്ടറി നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ബാങ്കിന് നോട്ടീസ് നല്‍കുകയും വ്യാപാര സ്ഥാപനത്തില്‍ നിന്നും പിഴ ഈടാക്കുകയും ചെയ്തു. 

വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് പഞ്ചായത്തിന്റെ മാലിന്യം ശേഖരിക്കുന്ന വാഹനത്തില്‍ തൊഴിലാളികള്‍ക്കൊപ്പം സെക്രട്ടറി അജിത്ത് കുമാര്‍ എത്തിയത്. കച്ചവടസ്ഥാപനങ്ങളില്‍ നിന്നും ചാക്കില്‍ക്കെട്ടി എത്തിച്ച മാലിന്യങ്ങള്‍ തരംതിരച്ചതാണൊ നല്‍കുന്നതെന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യം. 

സെക്രട്ടറിയുടെ സാന്നിധ്യമറിയാതെ തരംതിരിക്കാത്ത മാലിന്യങ്ങളുമായെത്തിയ കച്ചവടക്കാര്‍ പലരും കുടുങ്ങി. ചാക്കില്‍ലെത്തിച്ച മാലിന്യങ്ങള്‍ സെക്രട്ടറി പുറത്തെടുത്ത് പരിശോധിച്ചതോടെ കൂടിനിന്ന പല കച്ചവടക്കാരും സ്ഥലം കാലിയാക്കി. ചാക്കിന്റെ പുറത്ത് എഴുതിയ സ്ഥാപനത്തിന്റെ പേരുകള്‍ മനസിലാക്കിയാണ് നടപടികള്‍ സ്വീകരിച്ചത്. 

നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത മൂന്ന് ബാങ്കുകള്‍ക്ക് നോട്ടീസ് നല്‍കിയ അദ്ദേഹം ഒരു കച്ചവടസ്ഥാപനത്തില്‍ നിന്നും പിഴ ഈടാക്കുകയും ചെയ്തു. ജൈവമാലിന്യങ്ങള്‍ എല്ലാദിവസവും അജൈവ്യ മാലിന്യങ്ങള്‍ ആഴ്ചയില്‍ നാലുപ്രാവശ്യവും ശേഖരിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.

21 വാര്‍ഡുകളുള്ള മൂന്നാറില്‍ മൂന്നാര്‍ ടൗണും അതിനോട് ചേര്‍ന്നുകിടക്കുന്ന അഞ്ച് വര്‍ഡുകളുമാണ് മാലിന്യങ്ങള്‍ വ്യാപകമായി പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നത്. ബാക്കിയുള്ള മേഖലകള്‍ കമ്പനിയുടെ ഉമസ്ഥതയില്‍ ഉള്ളതിനാല്‍ തരം തിരിച്ചാണ് മാലിന്യങ്ങള്‍ എത്തുന്നത്. അതുകൊണ്ടുതന്നെ സംസ്‌കരിക്കുന്നതിന് മറ്റ് പ്രശ്‌നങ്ങളില്ല. 

വ്യാപാരികളുടെ സഹകരണംകൂടി ഉറപ്പാക്കിയാല്‍ മൂന്നാര്‍ അതിസുന്ദരമാക്കാന്‍ കഴിയുമെന്നാണ് ഭരണാ നേത്യത്വം കരുതുന്നത്. പഞ്ചായത്തിന്റെ പ്ലാനിങ് ഫണ്ടില്‍ നിന്നും കോടികള്‍ ചിലവഴിച്ചാണ് മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ മൂന്നാറില്‍ നടപ്പിലാക്കുന്നത്. 

Follow Us:
Download App:
  • android
  • ios