തൃശൂർ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സിറ്റി പൊലീസ് അറിയിച്ചു. പുലിക്കളിയോടനുബന്ധിച്ചാണ് നടപടി. ഉച്ചതിരിഞ്ഞ് രണ്ടുമണിമുതൽ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
തൃശൂർ: പുലിക്കളിയോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. ഉച്ചതിരിഞ്ഞ് രണ്ടുമണിമുതൽ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് തൃശൂർ സിറ്റി പൊലീസ് അറിയിച്ചു. സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും രാവിലെ മുതൽ വാഹന പാർക്കിങ് അനുവദിക്കുന്നതല്ല. പാർക്കിങ്ങിനായി 30 ഓളം സ്ഥലങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പൊതുജനങ്ങൾ അത്യാവശ്യങ്ങൾക്കല്ലാതെ നഗരത്തിലേയ്ക്ക് സ്വകാര്യ വാഹനങ്ങളിൽ വരുന്നത് ഒഴിവാക്കി ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹകരിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.
ഗതാഗത നിയന്ത്രണങ്ങൾ
മണ്ണൂത്തി ഭാഗത്തുനിന്നും വന്ന് ശക്തൻ സ്റ്റാൻറിലേക്ക് പോകേണ്ടുന്ന ബസുകൾ പുളിക്കൻ മാർക്കറ്റ് സെൻ്ററിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് നെല്ലിക്കുന്ന് മാർഅപ്രേം, ഫാത്തിമ നഗർ, ഐടിസി ജംഗ്ഷൻ, ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാർട്ടേഴ്സ്, കാട്ടൂക്കാരൻ ജംഗ്ഷൻ, ശവക്കോട്ട, ഫാത്തിമ നഗർ, ജംഗ്ഷൻ വഴി സർവീസ് നടത്തണം.
മണ്ണുത്തി ഭാഗത്ത് നിന്ന് വന്ന് വടക്കെ സ്റ്റാൻഡിലേക്ക് പോകേണ്ട ബസുകൾ കിഴക്കേകോട്ടയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് പെൻഷൻമൂല, അശ്വനി ജംഗ്ഷൻ വഴി വടക്കെ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സ്റ്റേഡിയം ജംഗ്ഷൻ വഴി സർവീസ് നടത്തണം. മാന്ദാമംഗലം, പുത്തൂർ, വലക്കാവ് തുടങ്ങിയ ഭാഗത്ത് നിന്ന് സർവീസ് നടത്തുന്ന ബസുകൾ ഐടിസി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാർട്ടേഴ്സ്, ഫാത്തിമ നഗർ ജംഗ്ഷൻ വഴി സർവീസ് നടത്തണം.
മുക്കാട്ടുക്കര, നെല്ലങ്കര ഭാഗത്ത് നിന്ന് വടക്കെ സ്റ്റാൻഡിലേക്ക് പോകേണ്ടുന്ന ബസുകൾ ബിഷപ്പ് പാലസ് എത്തി വലത്തോട്ട് തിരിഞ്ഞ് പെൻഷൻമൂല, ചെമ്പൂക്കാവ് ജംഗ്ഷൻ, രാമനിലയം, അശ്വനി ജംഗ്ഷൻ വഴി വടക്കേ സ്റ്റാൻഡിൽ പ്രവേശിച്ച് ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ തിരികെ വഴി സർവീസ് നടത്തണം.
ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂർ, തിരുവില്വാമല എന്നീ ഭാഗത്ത് നിന്ന് സർവീസ് നടത്തുന്ന ബസുകൾ പെരിങ്ങാവ് എത്തി കോലോത്തുംപാടം റോഡ് വഴി അശ്വനി ജംഗ്ഷനിലൂടെ വടക്കെ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സാധാരണ പോലെ സർവീസ് നടത്തണം.
മെഡിക്കൽ കോളേജ്, അത്താണി, കൊട്ടേക്കാട് എന്നീ ഭാഗത്ത് നിന്ന് സർവീസ് നടത്തുന്ന ബസുകൾ പെരിങ്ങാവ് എത്തി കോലോത്തുംപാടം റോഡ് വഴി അശ്വനി ജംഗ്ഷനിലൂടെ വടക്കെ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സാധാരണ പോലെ സർവീസ് നടത്തണം.
ചേറൂർ, പള്ളിമൂല, മാറ്റാമ്പുറം, കുണ്ടുക്കാട് ഭാഗത്ത് നിന്ന് സർവീസ് നടത്തുന്ന ബസുകൾ ബാലഭവൻ വഴി ചെമ്പൂക്കാവ് ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് രാമനിലയം ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ വഴി അശ്വനി ജംഗ്ഷനിലൂടെ വടക്കെ സ്റ്റാൻഡിൽ പ്രവേശിക്കുകയും ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ വഴി തിരികെ സർവീസ് നടത്തുകയും ചെയ്യണം.
കുന്ദംകുളം, കോഴിക്കോട്, ഗുരുവായൂർ, അടാട്ട്, തുടങ്ങി പൂങ്കുന്നം വഴി വരുന്ന എല്ലാ ബസ്സുകളും പൂങ്കുന്നത്ത് റൂട്ട് അവസാനിപ്പിച്ച് പടിഞ്ഞാറേക്കോട്ട, അയ്യന്തോൾ സിവിൽ ലൈൻ, അയ്യന്തോൾ ഗ്രൗണ്ട്, ലുലു ജംഗ്ഷൻ വഴി തിരികെ സർവീസ് നടത്തണം. വാടാനപ്പിള്ളി, അന്തിക്കാട്, കാഞ്ഞാണി, തുടങ്ങി പടിഞ്ഞാറേ കോട്ട വഴി വരുന്ന എല്ലാ ബസുകളും വെസ്റ്റ് ഫോർട്ടിൽ നിന്ന് കാൽവരി റോഡ് വഴി തിരിഞ്ഞ് തോപ്പിൻ മൂല, നേതാജി ഗ്രൗണ്ട് പരിസരം മുതൽ വെസ്റ്റ് ഫോർട്ട് വരെയുള്ള ഭാഗത്ത് റൂട്ട് അവസാനിപ്പിച്ച് തിരികെ പടിഞ്ഞാറേ കോട്ട വഴി തിരിഞ്ഞ് സർവീസ് നടത്തണം.
കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ ചേർപ്പ് തുടങ്ങി കൂർക്കഞ്ചേരി വഴി വരുന്ന എല്ലാ ബസ്സുകളും ബാല്യ ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് അവിടെ നിന്നു തിരികെ സാധാരണ പോലെ സർവീസ് നടത്തണം. കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ചേർപ്പ് തുടങ്ങി കൂർക്കഞ്ചേരി വഴി വന്ന് വെസ്റ്റ് ഫോർട്ട് വഴി പോകേണ്ട ചെറു വാഹനങ്ങൾ കൂർക്കഞ്ചേരിയിൽ നിന്ന് ഇടത്തോട്ട് തിരഞ്ഞ് വടൂക്കര അരണാട്ടുക്കര വഴി പോകണം.
ഒല്ലൂർ, ആമ്പല്ലൂർ, വരന്തരപ്പിള്ളി തുടങ്ങിയ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ മുണ്ടൂപാലം ജംഗ്ഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് ശക്തൻ സ്റ്റാന്ഴഡിൽ സർവീസ് അവസാനിപ്പിച്ച് തിരികെ കാട്ടൂക്കാരൻ ജംഗ്ഷൻ വഴി സർവീസ് നടത്തണം. അശ്വിനി ഭാഗത്തു നിന്നും മണ്ണുത്തി, പാലക്കാട്, എറണാക്കുളം ഭാഗത്തേക്ക് പോകുന്ന ബസും ട്രയലറും ഒഴികെയുള്ള വാഹനങ്ങൾ പെൻഷൻ മൂല വഴി താഴോട്ടിറങ്ങി നെല്ലങ്കര, മുക്കാട്ടുക്കര വഴി സർവീസ് നടത്തണം. കുന്നംകുളം ഭാഗത്ത് നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ബസ്, ട്രയലർ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂർതിരിഞ്ഞ് കൊട്ടേക്കാട് , വിയ്യൂർ പാലം വഴി പവർ ഹൗസ് വന്ന് പൊങ്ങണംക്കാട്, ചിറക്കോട് മുണ്ടിക്കോട് വഴി പോകണം.
കുന്നംകുളം ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന ബസ്, ട്രയലർ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂർ തിരിഞ്ഞ് കൊട്ടേക്കാട് , വിയ്യൂർ പാലം വഴി Power House വന്ന് പൊങ്ങണംക്കാട്, മുക്കാട്ടുക്കര വഴി പോകണം. ചിയ്യാരം ഭാഗത്ത് നിന്ന് പടിഞ്ഞാറേ കോട്ട ഭാഗത്തേക്ക് പോകുന്ന എല്ലാ ലൈറ്റ് വെഹിക്കിൾസും കൂർക്കഞ്ചേരി സെൻ്ററിൽ നിന്നും ഇടത് തിരിഞ്ഞ് വടൂക്കര, തോപ്പിൻമൂല വഴി പോകണം.
കെഎസ്ആർടിസി സർവീസുകൾ
കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ചാലക്കുടി, എറണാകുളം ഭാഗത്തേയ്ക്ക് സർവീസ് നടത്തുന്ന എല്ലാ ബസുകളും കണ്ണംകുളങ്ങര ചിയ്യാരം വഴി സർവീസ് നടത്തണം. പടിഞ്ഞാറൻ മേഖലയിൽ നിന്ന് വരുന്ന എല്ലാ കെഎസ്ആർടിസി ബസുകളും പൂങ്കുന്നം ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ശങ്കരയ്യർ റോഡിലൂടെ പൂത്തോൾ വഴി കെഎസ്ആർടിസി സ്റ്റാൻഡിൽ പ്രവേശിക്കണം.
അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുട ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന ഓർഡിനറി കെഎസ്ആർടിസി ബസുകൾ ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ താൽക്കാലികമായി ആരംഭിക്കുന്ന ബസ് സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിച്ച് തിരികെ അവിടെ നിന്നുതന്നെ സർവീസ് നടത്തണം, ഷൊർണൂർ, വഴിക്കടവ്, മെഡിക്കൽ കോളേജ് ഭാഗത്തേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ സ്വരാജ് റൗണ്ടിൽ പ്രവേശിക്കാതെ ഐടിസി ജംഗ്ഷൻ, ഈസ്റ്റ് ഫോർട്ട്, അശ്വനി ജംഗ്ക്ഷൻ, കോലോത്തുംപാടം വഴി സർവീസ് നടത്തണം.


