വീതി കുറഞ്ഞ റോഡിൽ വാഹനം സൈഡ് ഒതുക്കുന്നതിനിടയിൽ കുടിവെള്ള വിതരണത്തിനായി കുഴിച്ച കുഴിയിൽ താഴ്ന്ന് പാടത്തേക്ക് ചരിയുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു.

തൃശ്ശൂര്‍: കയ്പമംഗലം കാളമുറിയിൽ സ്കൂൾ കുട്ടികളുമായി പോയിരുന്ന ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് പാടത്തേക്ക് ചരിഞ്ഞു. ഇന്ന് രാവിലെ 9.45 ഓടെ കാളമുറി കടമ്പോട്ട് പാടത്താണ് അപകടമുണ്ടായത്. കുട്ടികൾ പരിക്കേൽക്കാതെ രക്ഷപെട്ടു. 

കൂരിക്കുഴി എഎംയുപി സ്കൂളിലേക്ക് കുട്ടികളുമായി പോയിരുന്ന ടെമ്പോ ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. വീതി കുറഞ്ഞ റോഡിൽ വാഹനം സൈഡ് ഒതുക്കുന്നതിനിടയിൽ കുടിവെള്ള വിതരണത്തിനായി കുഴിച്ച കുഴിയിൽ താഴ്ന്ന് പാടത്തേക്ക് ചരിയുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു. വാഹനത്തിൻ്റെ രണ്ട് ടയറും ചതുപ്പിൽ താഴ്ന്നു. അപകട സമയത്ത് 20 കുട്ടികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കുട്ടികളെ ഉടൻ തന്നെ മറ്റൊരു വാഹനത്തിൽ സ്കൂളിൽ എത്തിച്ചു. വാഹനം ക്രയിൻ കൊണ്ടുവന്ന് ഉയർത്താനുള്ള ശ്രമം നടക്കുകയാണ്.

Also Read: കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട മതിലിൽ ഇടിച്ചു; 10 പേർക്ക് പരിക്ക്, അപകടം കണ്ണൂരില്‍

അതിനിടെ, കണ്ണൂരില്‍ കെഎസ്ആർടിസി ബസ് ഇടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മട്ടന്നൂർ കുമ്മാനത്താണ് അപകടം ഉണ്ടായത്. പാലോട്ടുപള്ളി വിഎംഎം സ്കൂളിലെ വിദ്യാർത്ഥിയായ മുഹമ്മദ്‌ റിദാൻ ആണ് മരിച്ചത്. സ്കൂൾ ബസിൽ കയറാൻ റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം