കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തദ്ദേശീയമായി വികസിപ്പിച്ച മൈ ക്ലിപ്പ് ഉപയോഗിച്ച് മൈട്രൽ ടീർ ചികിത്സ വിജയകരമായി പൂർത്തിയാക്കി. നെഞ്ച് കീറിയുള്ള തുറന്ന ഹൃദയ ശസ്ത്രക്രിയ ഒഴിവാക്കി, വാൽവ് ചോർച്ച പരിഹരിക്കുന്ന നൂതനവും ചെലവ് കുറഞ്ഞതുമായ രീതിയാണിത്. ഇതിലൂടെ രോഗിക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ സാധിക്കും.
കോഴിക്കോട്: തദ്ദേശീയമായി വികസിപ്പിച്ച മൈ ക്ലിപ്പ് ഉപയോഗിച്ച് മൈട്രൽ ടീർ ചികിത്സ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ വിജയകരമായി പൂർത്തിയാക്കി. ഹൃദയത്തിലെ മൈട്രൽ വാൽവിലെ ചോർച്ച മൂലം ബുദ്ധിമുട്ടുന്ന രോഗികൾക്ക് തുറന്ന ഹൃദയ ശസ്ത്രക്രിയയ്ക്ക് പകരം, ചികിത്സ സാധ്യമാക്കുന്ന നൂതന രീതിയാണ് മൈട്രൽ ടീർ ( mitral Teer- Transcatheter Edge-to-Edge Repair). TEER-ന്റെ പൂർണ്ണരൂപം Transcatheter Edge-to-Edge Repair എന്നാണ്. ഇത് നെഞ്ച് കീറിമുറിക്കാതെ ഹൃദയത്തിലെ വാൽവുകളുടെ തകരാർ പരിഹരിക്കുന്ന ഒരു അത്യാധുനിക ചികിത്സാരീതിയാണ്.
ഹൃദയത്തിലെ മൈട്രൽ വാൽവ് അല്ലെങ്കിൽ ട്രൈകസ്പിഡ് വാൽവ് എന്നിവയിലുണ്ടാകുന്ന ചോർച്ച മാറ്റാനാണ് ഇത് പ്രധാനമായും ചെയ്യുന്നത്. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോ. രാജേഷ് മുരളീധരൻ അടങ്ങുന്ന വിദഗ്ധ സംഘം ആണ് ഈ മേഖലയിലെ അപൂർവമായ ചികിത്സാ നേട്ടം കൈവരിച്ചത് "തദ്ദേശീയമായി രൂപകൽപ്പന ചെയ്ത മൈക്ലിപ്പ് ഉപയോഗിച്ചുള്ള മൈട്രൽ ടീർ ചികിത്സയുടെ വിജയകരമായ നിർവഹണം ഹൃദയചികിത്സാ രംഗത്തെ ഒരു പ്രധാന നാഴികക്കല്ലാണ്.
മൈട്രൽ വാൽവിലെ ഗുരുതരമായ ചോർച്ചയുള്ള, തുറന്ന ഹൃദയ ശസ്ത്രക്രിയയ്ക്ക് അനുയോജ്യമല്ലാത്ത രോഗികൾക്ക് സങ്കീർണ്ണത കുറഞ്ഞ ഒരു ചികിത്സാ മാർഗം ഇതിലൂടെ ലഭ്യമാകുന്നു. ഈ നൂതന ചികിത്സാരീതി നമ്മുടെ മേഖലയിലെ രോഗികൾക്ക് ലഭ്യമാക്കാൻ കഴിഞ്ഞത് ഏറെ സന്തോഷകരമാണെന്ന് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. രാജേഷ് മുരളീധരൻ പറഞ്ഞു. കോഴിക്കോട് സ്വദേശി യായി 68 കാരനിലാണ് ഈ ചികിത്സ ഫലപ്രദമായി നടപ്പാക്കിയത്. ഡോ ജോൺ എഫ് ജോൺ, ഡോ. രഘുറാം എ കൃഷ്ണൻ, ഡോ. വി. പ്രമോദ്, ഡോ. ഗുർ ബേജ് സിംഗ് (സി എം സി വെല്ലൂർ )എന്നിവരുടെ സംഘം നേതൃത്വം നൽകി.
ഹൃദയ ശസ്ത്രക്രിയാ രംഗത്തെ സാങ്കേതിക മുന്നേറ്റങ്ങൾക്കൊപ്പം, രോഗികൾക്ക് കൂടുതൽ സൗകര്യപ്രദവും കുറഞ്ഞ സങ്കീർണ്ണതയുമുള്ള ചികിത്സാ മാർഗങ്ങൾ ലഭ്യമാക്കുന്നതിലേക്കുള്ള മറ്റൊരു പ്രധാന ചുവടുവയ്പ്പാണ് ഈ നേട്ടം. തുറന്ന ഹൃദയ ശസ്ത്രക്രിയ ഒഴിവാക്കാം, എന്നത് നാഴികക്കല്ല് തന്നെയാണ്. തദേശീയമായി രൂപകല്പന ചെയ്തതുകൊണ്ട് ചെലവ് കുറയ്ക്കാനായി മുറിവുകൾ ഇല്ലാത്തതുകൊണ്ട് രോഗിക്ക് വേഗം സുഖം പ്രാപിച്ചു ആശുപത്രി വിടാൻ കഴിയും എന്നതും ഈ ചികിത്സയുടെ സവിശേഷതയാണ്.


