തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിന് സമീപം തീവണ്ടി കടന്നുവരുമ്പോൾ പാളത്തിന് മുകളിലെ ഹൈടെൻഷൻ ലൈനിലേക്ക് മരം വീണ് മണിക്കൂറുകളോളം തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച രാത്രി എട്ടര മണിക്ക് തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസ് കടന്നുപോകുന്ന സമയത്താണ് റെയിൽവേ ലൈനിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണത്. അപകടത്തെത്തുടർന്ന് തീവണ്ടി ഗതാഗതം സ്തംഭിച്ചു.

മാവേലി എക്സ്‌പ്രസിന് നൂറുമീറ്റർ മുന്നിലായാണ് മരം വീണത്. ചിറയിൻകീഴിൽ സ്റ്റോപ്പില്ലാത്തതിനാൽ വേഗതയിലായിരുന്ന മാവേലി എക്സ്പ്രസിന്റെ എൻജിൻ ഡ്രൈവർ മരം വീഴുന്നതുകണ്ട് ബ്രേക്ക് അമർത്തിയെങ്കിലും നിർത്താൻ സാധിച്ചില്ല. തുടർന്ന് തീവണ്ടിയുമായി വൈദ്യുതിബന്ധം സ്ഥാപിക്കുന്ന പാന്റോഗ്രാഫിൽ ഇടിച്ചശേഷമാണ് വണ്ടിനിന്നത്. മരച്ചില്ലയിൽ തട്ടിയതിനെത്തുടർന്ന് പാന്റോഗ്രാഫ് തകർന്നു. അപകടത്തില്‍ ലോക്കോപൈലറ്റിന് പരിക്കേറ്റു. 

വൈദ്യുത ലൈനിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതിനാൽ ഇതുവഴിയുളള റെയിൽ ഗതാഗതം തടസ്സപ്പെട്ടു. മലബാർ എക്സ്പ്രസ്, അമൃത എക്സ്പ്രസ്, മംഗലാപുരം എക്സ്പ്രസ് എന്നിങ്ങനെ നിരവധി ട്രെയിനുകൾ വൈകി. വൈകിട്ടുണ്ടായ കനത്തകാറ്റിലും മഴയിലും തിരുവനന്തപുരത്ത് 80ലേറെ സ്ഥലങ്ങളിൽ മരം കടപുഴകി വീണു. പല റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു. കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങളുണ്ടായി. പലയിടത്തും വൈദ്യുതി ലൈനുകൾക്ക് തകരാറുണ്ടായതിനാൽ ജില്ലയിൽ വൈദ്യുതിബന്ധം വ്യാപകമായി തടസ്സപ്പെട്ടു.