കോഴിക്കോട് പേരാമ്പ്ര കൈതക്കലില്‍ റോഡരികിലെ മരം കടപുഴകി വീണ് ബൈക്ക് യാത്രികനായ തൊഴിലാളി മരിച്ചു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഉള്ളിയേരി സ്വദേശി ഹരിദാസനാണ് മരിച്ചത്, കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റു.

കോഴിക്കോട്: റോഡരികിലെ മരം കടപുഴകി വീണ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളിക്ക് ദാരുണാന്ത്യം. കോഴിക്കോട് ഉള്ളിയേരി തെരുവത്തുകടവ് ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന ഹരിദാസന്‍(58) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്ത പടിഞ്ഞാറെ കക്കട്ടില്‍ ശശിക്ക് ഗുരുതരമായി പരിക്കേറ്റു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പേരാമ്പ്ര കൈതക്കലില്‍ ഇന്ന് വൈകീട്ട് 4.15 ഓടെയാണ് അപകടമുണ്ടായത്. കൈതക്കല്‍ കള്ളുഷാപ്പിന്റെയും ടു വീലര്‍ വര്‍ക്‌ഷോപ്പിന്റെയും ഇടയിലുള്ള വലിയ തണല്‍ മരമാണ് മഴയിലും കാറ്റിലും നിലംപതിച്ചത്. കടപുഴകിയ തണല്‍ മരത്തിന്റെ ചില്ലകള്‍ ദേഹത്ത് കൊണ്ടാണ് ബൈക്ക് യാത്രികരായ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റത്. ഇന്റര്‍ലോക്ക് പാകുന്ന ജോലി കഴിഞ്ഞ് പേരാമ്പ്രയില്‍ നിന്നും ഉള്ളിയേരിയിലേക്ക് മടങ്ങുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ രണ്ടുപേരെയും ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹരിദാസന്റെ ജീവന്‍ രക്ഷിക്കാനായില്ല.