പ്രദേശത്ത് വാപക കൃഷിനാശമുണ്ടായി. എരുമമുണ്ട, പനങ്കയം, പുളപ്പാടം പ്രദേശങ്ങളിലാണ് നാശനഷ്ടമുണ്ടായത്. രാത്രി 8 മണി മുതൽ തുടങ്ങിയ ചുഴലിക്കാറ്റ് അര മണിക്കൂർ നീണ്ടുനിന്നു.
മലപ്പുറം: മലപ്പുറം പോത്ത്കല്ലിൽ കാറ്റും മഴയും ശക്തം. വൈകിട്ട് വീശിയടിച്ച ചുഴലിക്കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വീടുകൾക്കും വാഹനങ്ങൾക്കും മുകളിലും മരങ്ങൾ വീണു. പ്രദേശത്ത് വാപക കൃഷിനാശമുണ്ടായി. എരുമമുണ്ട, പനങ്കയം, പുളപ്പാടം പ്രദേശങ്ങളിലാണ് നാശനഷ്ടമുണ്ടായത്. രാത്രി 8 മണി മുതൽ തുടങ്ങിയ ചുഴലിക്കാറ്റ് അര മണിക്കൂർ നീണ്ടുനിന്നു.
അതേ സമയം, പാലക്കാട് ശക്തമായ മഴയിൽ വീട് തകർന്നുവീണു. മണ്ണാർക്കാട് കോട്ടോപ്പാടം ചാട്ടക്കുണ്ട് കാഞ്ഞിരംകുന്നിൽ ടാപ്പിങ് തൊഴിലാളിയായ എടത്തൊടി സുരേന്ദ്രന്റെ വീട് തകർന്നു. വീടിനകത്ത് സുരേന്ദ്രനും ഭാര്യയും മക്കളും ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിന്റെ മേൽകൂര പൂർണ്ണമായും നിലം പതിച്ചു. മേൽക്കൂരയോടൊപ്പം വീടിന്റെ പിൻവശത്തെ ചുമരും പുറത്തേക്ക് തകർന്ന് വീണതോടെ ഇവിടെ നിർത്തിയിട്ടിരുന്ന സുരേന്ദ്രന്റെ മോട്ടോർ സൈക്കിൾ പൂർണ്ണമായും തകർന്നു. മേൽക്കൂരയുടെ വീഴ്ചയുടെ ആഘാതത്തിൽ മറ്റു ചുമരുകൾക്കും കാര്യമായ വിള്ളൽ വീണതിനാൽ വീട് വാസയോഗ്യമല്ലാതായതായി സുരേന്ദ്രൻ പറഞ്ഞു. വീട്ടിലെ നിരവധി ഗൃഹോപകരണങ്ങളും മറ്റു വസ്തുക്കളും പൂർണ്ണമായും നശിച്ചു.
ഓറഞ്ച് അലർട്ട്
23/10/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
24/10/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
മഞ്ഞ അലർട്ട്
23/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
മുന്നറിയിപ്പ് ….
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.
ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക. കാറ്റും മഴയും ഉള്ളപ്പോൾ ഇതിൻറെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത് . കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിൻറെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക. ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അധികൃതർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറിത്താമസിക്കേണ്ടതാണ് .


