ചൈനയിൽ അതിശക്തമായ കാറ്റിൽ വാതിൽ തുറന്ന യുവാവ് പറന്നുപോകുന്നതിൻ്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ഗ്വാങ്‌ഡോങ്ങിൽ ആഞ്ഞടിച്ച മാറ്റ്മോ ചുഴലിക്കാറ്റാണ് സംഭവത്തിന് പിന്നിലെന്നും, ഇതേ തുടർന്ന് മേഖലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചതായും റിപ്പോർട്ടുകളുണ്ട്.

ടുത്ത കാലത്തായി കാറ്റിനും മഴയ്ക്കും പ്രവചനാതീതമായ ശക്തിയാണ്. മഴയെന്നാല്‍ അതിതീവ്ര മഴയും കാറ്റെന്നാല്‍ ചുഴലിക്കാറ്റുമാണ് അടുത്ത കാലത്തായി കാലവസ്ഥയെ കുറിച്ചുള്ള വാർത്തകളിലെല്ലാം നിറയുന്ന പദങ്ങൾ. സമൂഹ മാധ്യമങ്ങളില്‍ ഒരോ ദിവസവും വിവിധ രാജ്യങ്ങളിൽ വീശിയടിക്കുന്ന ചുഴലിക്കാറ്റിന്‍റെയും അതിതീവ്ര മഴയുടെയും നിരവധി ദൃശ്യങ്ങളാണ് നിറയുന്നത്. ഇതിനിടെ ചൈനയില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ മുകൾ നിലയിലെ വാതില്‍ തുറക്കുന്നതിനിടെ അതിശക്തമായ കാറ്റില്‍പ്പെട്ട് പോയ ഒരു യുവാവിന്‍റെ ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. കാറ്റിന്‍റെ തീവ്രത യുവാവ് വാതില്‍ അടയ്ക്കാന്‍ കഷ്ടപ്പെടുന്നതില്‍ നിന്നും വ്യക്തം. വെതർ ചാനൽ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.

വീഡിയോ

ഒരു കെട്ടിടത്തിന്‍റെ മുകൾ നിലയിലെ വാതില്‍ തുറക്കുന്ന യുവാവ് പെട്ടെന്ന് വാതിലിനൊപ്പം പുറത്തേക്ക് പോകുന്നു. പിന്നീടാണ് അതിശക്തമായ കാറ്റാണ് വാതിലിനെയും യുവാവിനെയും കൊണ്ട് പോയതെന്ന് മനസിലാകുക. ഇതിന് പിന്നാലെ യുവാവ് ആ വാതില്‍ അടയ്ക്കാന്‍ പാടുപെടുന്നത് വീഡിയോയില്‍ കാണാം. അദ്ദേഹം തന്‍റെ പരമാവധി ശക്തിയില്‍ വാതില്‍ അടയ്ക്കാന്‍ ശ്രമിക്കുന്നു. എന്നാൽ അതിശക്തമായ കാറ്റിൽ അദ്ദേഹത്തിന് വാതിലടയ്ക്കാന്‍ സാധിക്കുന്നില്ല. ഒടുവില്‍ ഏറെ പണിപ്പെട്ട് രണ്ട് കൈ കൊണ്ടും ആഞ്ഞ് വലിച്ച് യുവാവ് ഒരു വിധത്തിൽ വാതിൽ അടയ്ക്കുന്നതും വീഡിയോയിൽ കാണാം.

View post on Instagram

മാറ്റ്മോ ചുഴലിക്കാറ്റ്

വെത‍ർ ചാനൽ എന്ന ഇന്‍സ്റ്റാഗ്രാം പേജിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ചൈനയിൽ ഗ്വാങ്‌ഡോങ്ങിലാണ് ആ‌‌‌ഞ്ഞടിച്ച മാറ്റ്മോ ചുഴലിക്കാറ്റാണ് യുവാവിനെ പ്രശ്നത്തിലാക്കിയതെന്ന് വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. ഈ വർഷത്തെ 21-ാമത്തെ ചുഴലിക്കാറ്റായ മാറ്റ്‌മോയ്ക്ക് പിന്നാലെ ചൈനയിൽ ഏറ്റവും ഉയർന്ന തലത്തിലുള്ള റെഡ് അലേർട്ടാണ് പ്രഖ്യാപിക്കപ്പെട്ടത്. ഷാൻജിയാങ്ങിൽ വ്യാപാര സ്ഥാപനങ്ങൾ, ഗതാഗതം, റോഡുകൾ എല്ലാം അടച്ചിട്ടു. ഹോങ്കോങ്ങിൽ 100 ​​വിമാന സർവീസുകളെ ചുഴലിക്കാറ്റ് ബാധിച്ചു. 30 വിമാന സർവ്വീസുകൾ റദ്ദാക്കി. 1,51,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചു, വെള്ളപ്പൊക്ക ഭീഷണി പ്രദേശത്ത് നിലനിൽക്കുകയാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ചൈനയിൽ മണിക്കൂറിൽ 104 മൈൽ വേഗതയിലാണ് കാറ്റ് വീശിയത്. അറ്റ്ലാന്‍റിക് സമുദ്രത്തിലെ കാറ്റഗറി 2 വിൽ അടയാളപ്പെടുത്തിയ കൊടുങ്കാറ്റാണിത്.