കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ രോഗികളുടെ കാത്തിരിപ്പ് കുറയ്ക്കാൻ പുതിയ സംവിധാനം വരുന്നു. 'ട്രയാജ്' എന്ന് പേരിട്ടിരിക്കുന്ന ചികിത്സാ വിഭാഗം രാവിലെ 12 മണി മുതൽ രാത്രി എട്ട് മണിവരെ പ്രവർത്തിക്കും. ആരോഗ്യസ്ഥിതി വളരെ മോശമായവർക്ക് വരി നിന്ന് ചികിത്സയ്ക്ക് കാലതാമസം ഉണ്ടാകുന്നത് ഒഴിവാക്കുകയാണ് ട്രയാജിന്റെ ലക്ഷ്യം.

അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ ആരോഗ്യ സ്ഥിതി മനസ്സിലാക്കി വേർതിരിക്കുന്ന സംവിധാനമാണ് ട്രയാജ്. പ്രത്യേകം ഒരുക്കിയ മുറിയിലേക്കാണ് ആദ്യം രോഗിയെ കൊണ്ട് പോകുക. തുടർന്ന് പ്രഥമ ശുശ്രൂഷക്ക് ശേഷം റെഡ്, യെല്ലോ, ഗ്രീൻ വിഭാഗങ്ങളായി രോഗികളെ വേർതിരിക്കും. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ റെഡ് സോണിലേക്കാണ് അയക്കുക.

റെഡ് സോണിൽ പീഡിയാട്രിക് ഐസി, സർജറി തീയേറ്റർ, വെന്‍റിലേറ്റർ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഗുരുതരമല്ലാത്ത അസുഖങ്ങൾ ഉള്ളവരെ യെല്ലോ സോണിലേക്ക് മാറ്റും. പരിശോധനക്ക് ശേഷം കിടത്തി ചികിത്സ ആവശ്യമായവര്‍ക്ക് അത് നല്‍കും. ബാക്കിയുളളവരെ ഗ്രീൻ സോണിലേക്ക് അയക്കും. വൈകിട്ട് പരിശോധനക്കായി എത്തുന്ന രോഗികൾക്ക് മണിക്കൂറുകൾക്ക് ശേഷമാണ് ഡോക്ടറെ കാണാൻ സാധിക്കുന്നത്. കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവർ ചികിത്സ ലഭിക്കാതെ വരുമ്പോൾ ജീവനക്കാരുമായി തർക്കിക്കുന്നത് പതിവായ സാഹചര്യത്തിലാണ് പുതിയ സംവിധാനം ആരംഭിച്ചതെന്ന് മെഡിക്കല്‍ കോളേജ് അധികൃതർ പറഞ്ഞു.