ബേഗൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം അധികൃതരും സാമൂഹിക പ്രവര്‍ത്തകരും സംഭവത്തില്‍ ഇടപ്പെട്ടതോടെ കെമ്പിയെ വീണ്ടും മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ശേഷം വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മാനന്തവാടി: അവശനിലയില്‍ ചികിത്സ തേടി എത്തിയ ആദിവാസി വയോധികയെ കിടത്തിച്ചികിത്സ നല്‍കാതെ തിരിച്ചയച്ച വയനാട് മെഡിക്കല്‍ കോളേജ് അധികൃതരുടെ നടപടി വിവാദത്തില്‍. ബേഗൂര്‍ കൊല്ലിമൂല കോളനിയിലെ അറുപത്തിയഞ്ചുകാരി കെമ്പിയാണ് അവഗണ നേരിട്ടത്. ബേഗൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം അധികൃതരും സാമൂഹിക പ്രവര്‍ത്തകരും സംഭവത്തില്‍ ഇടപ്പെട്ടതോടെ കെമ്പിയെ വീണ്ടും മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ശേഷം വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയാണ് കെമ്പിയെ മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാസന്ന നിലയിലായ വയോധികയെ രണ്ടുമണിക്കൂറിനു ശേഷം ഡിസ്ചാർജ് ചെയ്തെന്ന് കെമ്പിയുടെ മകന്റെ ഭാര്യ സുമ പറഞ്ഞു.

പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആംബുലന്‍സിലാണ് ഇവരെ തിരികെ വീട്ടിലെത്തിച്ചത്. കെമ്പിയുടെ ആരോഗ്യസ്ഥിതിയില്‍ ഒരുമാറ്റവും ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ പിറ്റേ ദിവസം ഒ.പിയില്‍ എത്താന്‍ നിര്‍ദ്ദേശിച്ചെന്ന് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ സംസാരിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു കെമ്പി. പിന്നീട് കാട്ടിക്കുളം ട്രൈബല്‍ എക്‌സന്‍ഷന്‍ ഓഫീസറും ബേഗൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം അധികൃതരും ഇടപെട്ടതിനെ തുടര്‍ന്ന് വീണ്ടും വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കെമ്പിയെ പിന്നീട് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെമ്പിയുടെ ബന്ധുക്കള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.