മുപ്പത് വർഷത്തിലധികമായി കരികുളം മലവേടൻ കോളനിവാസികൾ പട്ടയത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട്.
റാന്നി: പട്ടയം കിട്ടാത്തതിനാൽ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാനൊരുങ്ങുകയാണ് പത്തനംതിട്ട റാന്നി കരികുളത്തെ മലവേടൻ കോളനിവാസികൾ. 91 കുടുംബങ്ങളാണ് വർഷങ്ങളായി ഇവിടെ പട്ടയത്തിനായി കാത്തിരിക്കുന്നത്. മുപ്പത് വർഷത്തിലധികമായി കരികുളം മലവേടൻ കോളനിവാസികൾ പട്ടയത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട്.
മനുഷ്യാവകാശ കമ്മിഷനടക്കം പല തവണ വിഷയത്തിൽ ഇടപ്പെട്ടു. 2017 മെയ് 25 ന് പട്ടയം നൽകുന്നതിന് മന്ത്രിസഭാ യോഗം തീരുമാനമെടുക്കുകയും ചെയ്തു. എന്നാൽ കോളനി റിസർവ്വ് വനത്തിലാണെന്ന് ചുണ്ടിക്കാട്ടി കേന്ദ്രത്തിന്‍റെ അനുമതി ആവശ്യമാണെന്ന് വനം വകുപ്പ് നിലപാട് എടുത്തു. ഇതോടെ പട്ടയം വീണ്ടും ചുവപ്പ് നാട കുരുക്കിലായി.
പിന്നീട് ആക്ഷൻ കമ്മിറ്റി സമരം ആരംഭിക്കുകയും പ്രദേശത്ത് സർവ്വെ പൂർത്തിയാക്കുകയും ചെയ്തു. സർക്കാരിന്‍റെ ആയിരം ദിനാഘോഷത്തിന്‍റെ ഭാഗമായി പട്ടയം നൽകുമെന്ന ഒടുവിലത്തെ വാഗ്ദാനവും പാലിക്കപ്പെട്ടില്ല. വനം വകുപ്പിന്‍റെ എതിർപ്പിനെ തുടർന്ന് കോളനിയിലേക്ക് റോഡ് പോലും നിർമ്മിക്കാൻ കഴിയുന്നില്ലെന്നും കോളനിവാസികൾ പറയുന്നു.
