കാട്ടുനായ്ക്ക, പണിയ വിഭാഗങ്ങളില്‍ നിന്നായി 20 പേരാണ് ഈ മാസം 17, 18 തിയ്യതികളിലായി റാമ്പിലെത്തുക

സുല്‍ത്താന്‍ബത്തേരി: സംസ്ഥാനത്ത് തന്നെ ആദ്യമായി പ്രാക്തന ഗോത്ര വിഭാഗങ്ങളില്‍ നിന്നടക്കമുള്ള യുവതീ യുവാക്കള്‍ റാമ്പ് വാക്കിനൊരുങ്ങുന്നു. കാട്ടുനായ്ക്ക, പണിയ വിഭാഗങ്ങളില്‍ നിന്നായി 20 പേരാണ് ഈ മാസം 17, 18 തിയ്യതികളിലായി റാമ്പിലെത്തുക. സുല്‍ത്താന്‍ബത്തേരി സപ്ത റിസോര്‍ട്ട് ഹോട്ടലിലാണ് ഫാഷന്‍ ഷോ. 

എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡി.എഫ്.എഫ് കമ്പനി സപ്ത റിസോര്‍ട്ട് ഹോട്ടലുമായി സഹകരിച്ചാണ് 'ഇക്കോവോഗ്' എന്ന പേരിട്ടിരിക്കുന്ന ഫാഷന്‍ ഷോ സംഘടിപ്പിക്കുന്നത്. വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി 10 ആണ്‍കുട്ടികളും 10 പെണ്‍ കുട്ടികളുമായിരിക്കും വ്യത്യസ്ത വേഷവിധാനത്തില്‍ റാമ്പിലെത്തുക. ഗോത്ര തനിമയാര്‍ന്നതും എന്നാല്‍ ഫാഷന്‍ രംഗത്തെ നൂതന സങ്കല്‍പ്പങ്ങളും സംഗമിക്കുന്ന തരത്തിലുള്ള ഷോ ആയിരിക്കും നടക്കുകയെന്ന് എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡി.എഫ്.എഫ് കമ്പനി മേധാവി ദാലുകൃഷ്ണ പറഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രിയ ശിവദാസ് ആണ് ഗോത്ര മോഡലുകളെ റാമ്പ് വാക്കിനായി ഒരുക്കുന്നത്. 

ഗോത്ര വിഭാഗത്തിലെ മോഡലുകളായ പ്രകൃതി, ആകാശ് എന്നിവരുടെ സഹായത്തോടെയാണ് മറ്റു മോഡലുകളെ കണ്ടെത്തിയത്. ഗോത്ര മോഡലുകളെ അവതരിപ്പിക്കുക, പരിസ്ഥിതി സൗഹൃദ ഫാഷന്‍ സ്വീകരിക്കുന്നതിനൊപ്പം അവരുടെ സാംസ്‌കാരികവും പാരമ്പര്യവുമായ വസ്ത്രങ്ങളും പ്രദര്‍ശിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. 

പ്രമുഖ ഡിസൈനര്‍മാരായ ശ്രാവണ്‍കുമാര്‍, അസ്ലംഖാന്‍, അഭിനി സോഹന്‍ റോയി എന്നിവര്‍ രൂപകല്‍പ്പന ചെയ്യുന്ന വസ്ത്രങ്ങളും ഷോയില്‍ ഉപയോഗിക്കുന്നുണ്ട്. മിസ് ഇന്ത്യ സോണാല്‍ കുക്രേജ, നടിമാരായ നേഹ സുക്സേന, ചാര്‍മിള, മറീന മൈക്കിള്‍, ഹിമ എന്നിവര്‍ക്ക് പുറമെ മലയാള ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവരും പരിപാടിക്കെത്തും. ഇവരെല്ലാം രണ്ട് ദിവസമായി നടക്കുന്ന ഫാഷന്‍ ഷോയില്‍ ഗോത്ര മോഡലുകള്‍ക്കൊപ്പം റാമ്പില്‍ ചുവട് വെക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ജീവിതത്തില്‍ ആദ്യമായി റാമ്പില്‍ കയറുന്നതിന്റെ ത്രില്ലിലാണെന്നും വെളുപ്പ് മാത്രമല്ല സൗന്ദര്യമെന്ന് മാറ്റിയെഴുതുന്നതിനുള്ള തുടക്കമാകട്ടെ പരിപാടിയെന്നും ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ട്രാന്‍സ് ജെന്‍ഡര്‍ മോഡല്‍ പ്രകൃതി പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം