കഴിഞ്ഞ ഫെബ്രുവരിയിലാണ് നാട്ടിലെ മറ്റു കൂട്ടുകാരോടൊപ്പം ശ്രീധരന്‍ കുടകിലേക്ക് പണിക്കുപോയത്. ഇഞ്ചിപാടത്തും മറ്റുമുള്ള കാര്‍ഷിക ജോലിയാണ് ഇവിടങ്ങളിലുള്ളത്

കല്‍പ്പറ്റ: കുടകില്‍ കാര്‍ഷിക ജോലികള്‍ക്കായി പോയ വയനാട് സ്വദേശിയായ ആദിവാസിയുവാവിനെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. വെള്ളമുണ്ട വാളാരംകുന്ന് പണിയ കോളനിയിലെ വെളുക്കന്റെ മകന്‍ ശ്രീധരന്‍(42)നെയാണ് കാണാതായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സഹോദരന്‍ വി.കെ. അനില്‍ വെള്ളമുണ്ട പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണിപ്പോള്‍. മാസത്തില്‍ ഒരുതവണയെങ്കിലും വീട്ടിലെത്താറുള്ള ശ്രീധരന്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും എത്താതെ വന്നതോടെയാണ് ബന്ധുക്കള്‍ ആശങ്കയിലായത്. 

കഴിഞ്ഞ ഫെബ്രുവരിയിലാണ് നാട്ടിലെ മറ്റു കൂട്ടുകാരോടൊപ്പം ശ്രീധരന്‍ കുടകിലേക്ക് പണിക്കുപോയത്. ഇഞ്ചിപാടത്തും മറ്റുമുള്ള കാര്‍ഷിക ജോലിയാണ് ഇവിടങ്ങളിലുള്ളത്. ശ്രീധരന്റെ ഒപ്പം പോയിരുന്ന മറ്റുള്ളവരെല്ലാം തിരിച്ചെത്തിയപ്പോഴും രണ്ടരമാസമായി ശ്രീധരനെക്കുറിച്ച് വിവരങ്ങളൊന്നുമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇദ്ദേഹത്തിന് ഒപ്പം ജോലിയെടുത്തിരുന്ന മറ്റുള്ളവരെ കണ്ട് ബന്ധുക്കള്‍ കാര്യമന്വേഷിച്ചെങ്കിലും ശ്രീധരന്‍ അവിടെ തന്നെ ജോലിയില്‍ തുടരുകയായിരുന്നുവെന്നാണ് അറിയിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. 

തുടര്‍ന്ന് ബന്ധുക്കളില്‍ ചിലര്‍ കുടകിലേക്ക് നേരിട്ട് പോയി ശ്രീധരന്‍ ജോലിയെടുക്കുന്ന സ്ഥലങ്ങളില്‍ അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ലെന്ന് പറയുന്നു. മുമ്പും യുവാവ് കുടകില്‍ ജോലിക്കായി പോയിരുന്നെങ്കിലും മാസത്തില്‍ ഒരുതവണയെങ്കിലും വീട്ടില്‍ തിരിച്ചെത്തിയിരുന്നു. ശ്രീധരനെ കുറിച്ച് ഇതുവരെയായിട്ടും വിവരമില്ലാത്തതിനാല്‍ ഭാര്യയും മക്കളുമടങ്ങുന്ന ഇദ്ദേഹത്തിന്റെ കുടുംബം ആശങ്കയിലാണ്.

Read More :  'എത്തിയത് ബൈക്കിൽ, മുങ്ങിയത് ഓട്ടോയിൽ, തൃശ്ശൂരിലേക്ക് കാറിൽ'; മീശ വിനീതും സംഘവും രക്ഷപ്പെട്ട കാർ കണ്ടെത്തി

അതിനിടെ വയനാട് പനമരത്തിനടുത്ത് കൂളിവയലില്‍ മാര്‍ബിള്‍ ഷോറൂമില്‍ ജോലിക്കെത്തി രാത്രിയില്‍ ഓഫീസിലെ ലോക്കര്‍ തകര്‍ത്ത് ലക്ഷങ്ങള്‍ കൈക്കലാക്കി മുങ്ങിയ ഇതരസംസ്ഥാനക്കാരായ അഞ്ചംഗസംഘത്തെ മണിക്കൂറുകള്‍ക്കകം പൊലീസ് പൊക്കി. കൂളിവയലിലെ കാട്ടുമാടം മാര്‍ബിള്‍സില്‍ നിന്ന് 2,34000 രൂപ മോഷ്ടിച്ചെന്ന പരാതിയിലാണ് നടപടി. സ്ഥാപനത്തിലെ തൊഴിലാളികളും, രാജസ്ഥാന്‍ സ്വദേശികളുമായ ശങ്കര്‍, ഗോവിന്ദന്‍, പ്രതാപ്, വികാസ്, രാകേഷ് എന്നിവര്‍ മംഗലാപുരത്ത് വെച്ചാണ് പിടിയിലായത്.