Asianet News MalayalamAsianet News Malayalam

ആദിവാസി യുവാവിന് ചികിത്സ വൈകിയെന്ന ആരോപണം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി മന്ത്രി 

കണ്ണൂര്‍ അയ്യന്‍കുന്ന് കുട്ടുകപ്പാറയിലെ രാജേഷിന്റെ മരണത്തിലാണ് അന്വേഷണത്തിന് നിര്‍ദേശം.

tribe youth death due to lack of treatment allegations veena george reaction joy
Author
First Published Dec 10, 2023, 6:02 PM IST

തിരുവനന്തപുരം: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ആദിവാസി യുവാവിന് ചികിത്സ വൈകിയെന്ന ആരോപണത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശം. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രിയുടെ നിര്‍ദ്ദേശം. 

കണ്ണൂര്‍ അയ്യന്‍കുന്ന് കുട്ടുകപ്പാറയിലെ രാജേഷിന്റെ മരണത്തിലാണ് അന്വേഷണത്തിന് നിര്‍ദേശം. മഞ്ഞപ്പിത്തം ബാധിച്ച രാജേഷ് മരിച്ചത് ചികിത്സ വൈകിയതിനെ തുടര്‍ന്നാണെന്ന് ആരോപിച്ചാണ് ബന്ധുക്കള്‍ രംഗത്തെത്തിയത്. ഇരിട്ടി താലൂക്ക് ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളേജിലും ചികിത്സ വൈകിയെന്നാണ് ആരോപണം. വെളളിയാഴ്ച ഇരിട്ടി താലൂക്ക് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. ഇവിടെ നിന്നും രക്തപരിശോധന ഫലമുള്‍പ്പെടെ വൈകിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

'അവന് തീരെ വയ്യായിരുന്നു. ശര്‍ദ്ദിയും വയറിളക്കവുമായിരുന്നു. ബ്ലഡ് ടെസ്റ്റ് ചെയ്തു. എട്ട് മണിക്ക് കിട്ടുമെന്ന് പറഞ്ഞു. ചെന്നപ്പോള്‍ ആയിട്ടില്ലെന്ന് പറഞ്ഞു. ഒമ്പത് മണിക്കും പത്ത് മണിക്കും പോയി നോക്കി. പതിനൊന്ന് മണിക്കാണ് അവസാനം ഫലം വന്നത്. തീരെ വയ്യായിരുന്നു. ഗ്ലൂക്കോസ് പോലും കയറ്റിയില്ല. ആരും തിരിഞ്ഞു നോക്കിയില്ല. നഴ്‌സുമാരും വന്നില്ല. പരിയാരത്തേക്ക് വിട്ടു. രണ്ട് ദിവസം പോലും ആയില്ല. പിന്നെ മരണ വാര്‍ത്തയാണ് കേള്‍ക്കുന്നത്. പരിയാരത്തും ആരും തിരിഞ്ഞു നോക്കിയില്ല. നഴ്‌സുമാരോട് സഹായം ചോദിച്ചപ്പള്‍ ഞങ്ങള്‍ക്ക് ഇതുമാത്രമല്ല പണിയെന്നാണ് പറഞ്ഞ'തെന്നും ഒപ്പമുണ്ടായിരുന്ന സഹോദരി പറഞ്ഞു.  

പരിയാരം മെഡിക്കല്‍ കോളേജില്‍ വെളളിയാഴ്ച രാത്രിയെത്തിച്ചെങ്കിലും ഇന്നലെ വൈകിട്ട് വരെ മതിയായ ചികിത്സ നല്‍കിയില്ലെന്നും കുടുംബം ആരോപിക്കുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ ഇന്ന് പുലര്‍ച്ചെയാണ് ഐസിയുവിലേക്ക് മാറ്റിയത്. ആറ് മണിയോടെ രാജേഷ് മരിച്ചു. 

അതേസമയം, ചികിത്സ വൈകിയെന്ന ബന്ധുക്കളുടെ ആരോപണം പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ നിഷേധിച്ചു. രാജേഷിന്റെ നില ഗുരുതരാവസ്ഥയിലായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഡയാലിസിസ് ഉള്‍പ്പെടെ നടത്തി. ചികിത്സയില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും പരിയാരം മെഡിക്കല്‍ കോളേജ് അധികതര്‍ പറയുന്നു.

നവകേരള ബസിന് നേ‍രെ ഷൂ എറി‍ഞ്ഞ് കെഎസ്‍യു പ്രതിഷേധം; കടുത്ത നിയമ നടപടിയിലേക്ക് പോകേണ്ടി വരുമെന്ന് മുഖ്യമന്ത്രി
 

Latest Videos
Follow Us:
Download App:
  • android
  • ios