തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് താൽക്കാലികമായി അടച്ചു. ഹോസ്റ്റൽ വിദ്യാർത്ഥികൾക്കിടയിൽ ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. ഏകദേശം 25 വിദ്യാർത്ഥികൾക്കാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്.
കൊച്ചി: തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്കിടയിൽ ഛർദിയും വയറിളക്കവും റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കോളേജിന് താത്ക്കാലിക അവധി പ്രഖ്യാപിച്ചു. ഹോസ്റ്റലിൽ താമസിക്കുന്ന ഏകദേശം 25 വിദ്യാർത്ഥികൾക്കാണ് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടത്. രോഗബാധിതരിൽ ഭൂരിഭാഗവും പെൺകുട്ടികളാണെങ്കിലും ആൺകുട്ടികൾക്കും സമാന ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് വയറിളക്കം സ്ഥിരീകരിച്ച സാഹചര്യത്തിൽ കോളേജ് കാമ്പസിലെ ജലസംഭരണികൾ ശുചീകരിച്ച് ക്ലോറിനേഷൻ നടത്തണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി. പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും ആരോഗ്യവിഭാഗം നിർദേശിച്ചിട്ടുണ്ട്.
കോളേജ് കാമ്പസിലെ ജല സംഭരണികളിൽ നിന്നുള്ള വെള്ളമാണ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾ ഭക്ഷണം പാകം ചെയ്യുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിച്ചിരുന്നത്. ഈ വെള്ളത്തിൽ നിന്നാകാം രോഗബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് കാമ്പസിലെ എല്ലാ ജല സംഭരണികളും ശുചീകരിച്ച് അണുനശീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി കോളേജ് അധികൃതർ അറിയിച്ചു. വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.
കോളേജ് ജൂൺ 25 വരെ അടച്ചിടും. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികളോട് വീടുകളിലേക്ക് മടങ്ങാൻ നിർദേശിച്ചിട്ടുണ്ട്. പരീക്ഷ എഴുതാനോ മറ്റ് അത്യാവശ്യ ആവശ്യങ്ങൾക്കോ മാത്രം കോളേജിൽ തുടരുന്നവർക്ക് പ്രത്യേക ജലവിതരണ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ജലസംഭരണികൾ ശുചീകരിക്കുന്നതിനാലാണ് കോളേജിന് അവധി നൽകിയതെന്നും നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും കോളേജ് അധികൃതർ വ്യക്തമാക്കി.


