നിർമാണത്തിലെ മെല്ലെപ്പോക്കിനൊടുവിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഇടക്ക് നിര്‍ത്തിവച്ചിരുന്ന പണി പുനരാരംഭിച്ചിട്ട് ആഴ്ച മൂന്ന്. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും പലരും ബുദ്ധിമുട്ടുന്നു.
തിരുവനന്തപുരം: നവീകരണത്തിനായി വെട്ടിപ്പൊളിച്ച തിരുവനന്തപുരത്തെ സ്റ്റാച്യു - ജനറൽ ആശുപത്രി റോഡ് പുനർനിർമാണം ആരംഭിച്ചിട്ടും ദുരിതമൊഴിയാതെ നാട്ടുകാർ. കാത്തിരുന്ന് കാത്തിരുന്ന് പണി തുടങ്ങിയപ്പോൾ, വീടിന് പുറത്തിറങ്ങാൻ പോലും രക്ഷയില്ലാതെ ഒരു കുടുംബം കുടുങ്ങിപ്പോയത് മണിക്കൂറുകളാണ്.
നേരെ നോക്കിയാൽ സെക്രട്ടേറിയറ്റാണ്. നഗരത്തിലെ പ്രധാന റോഡുമാണ്. പക്ഷെ പറഞ്ഞിട്ടെന്ത് കാര്യം. ജനറൽ ആശുപത്രി റോഡ് കുത്തിപ്പൊളിച്ചും വെട്ടിക്കീറിയും ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. വണ്ടിയോടിക്കാൻ പോയിട്ട് വഴി നടക്കാൻ പോലും കഴിയാതെ പ്രദേശവാസികളും നാട്ടുകാരും ബുദ്ധിമുട്ടിലായി. രണ്ടാഴ്ചയിലേറെയായി മഹാദുരിതമാണ്, ഒരു മുന്നറിയിപ്പുമില്ലാതെ പൊളിച്ചെന്ന് വ്യാപാരിയായ അനസ് പറഞ്ഞു. പുളിമൂട്ടില്‍ നിന്ന് കറങ്ങിപ്പോവാമെന്ന് കരുതിയാല്‍ ആ റോഡും വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണെന്ന് ഓട്ടോറിക്ഷക്കാര്‍.
2011 മുതൽ പണിതും മാറ്റിപ്പണിതും റോഡ് പരിഷ്കരണം നടക്കുകയാണ്. നിർമാണത്തിലെ മെല്ലെപ്പോക്കിലൊടുവിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഇടക്ക് നിര്‍ത്തിവച്ചിരുന്ന പണി പുനരാരംഭിച്ചിട്ട് ആഴ്ച മൂന്ന്. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും പലരും ബുദ്ധിമുട്ടുന്നു. കമ്പികള്‍ ഉയര്‍ത്തിനിര്‍ത്തിയിരിക്കുകയാണ്. ഉച്ചവരെ ആരും വന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു. പിന്നാലെ പൊലീസെത്തി. കമ്പി വളക്കാൻ നിർവാഹമില്ല. ഒടുവിൽ ഫയർ ഫോഴ്സെത്തി താൽക്കാലിക സ്ലാബിട്ടാണ് പരിഹാരം കണ്ടത്. പ്രശ്നം ഇവിടെയും തീരുന്നില്ല, പണിയുന്നത് സ്മാര്‍ട്ട് റോഡാണ്, പക്ഷെ നാട്ടുകാര്‍ക്ക് കിട്ടിയ പണി എന്ന് തീരുമെന്ന കാര്യത്തിൽ ഒരു ഉറപ്പും ഇല്ല.

