വിമാനത്താവള പരിസരത്ത് നിന്ന് നായ്ക്കളുടെ അഴുകിയ ശരീരങ്ങളും വിഷം നിറഞ്ഞ സിറിഞ്ചും ഉപ്പ് പാക്കറ്റും കിട്ടിയിട്ടുണ്ടെന്ന് മൃഗ സംഘടന

തിരുവനന്തപുരം: വലിയതുറയിലും വിമാനത്താവള പരിസരത്തും തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നു കുഴിച്ചുമൂടിയതായി പരാതി. പീപ്പിള്‍ ഫോര്‍ അനിമല്‍സ് തിരുവനന്തപുരം എന്ന സംഘടനയാണ് ആരോപണവുമായി രംഗത്തെത്തിയത്. എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതരുടെ നേതൃത്വത്തില്‍ സ്വകാര്യ വ്യക്തികളെ ഉപയോഗിച്ച് നായ്ക്കളെ പിടികൂടി കൊന്നു കുഴിച്ചുമൂടിയെന്നാണ് ആരോപണം.

കഴിഞ്ഞ ഒരാഴ്ചയായി നിരവധി നായ്ക്കളെ വലിയതുറ പൊന്നറ പാലത്തിനു സമീപത്തെ കാടുമൂടിയ സ്ഥലത്ത് കുഴിച്ചു മൂടിയെന്നാണ് സംഘടനയുടെ പരാതി. ഷൈജു, ബിജു, ഉണ്ണി, പ്രശാന്ത് എന്നിവര്‍ക്കെതിരെയാണ് സംഘടനയുടെ സെക്രട്ടറി ലത പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ച രാത്രി ഏഴോടെ വലിയതുറ പൊലീസിന്റെ നേതൃത്വത്തില്‍ നായ്ക്കളെ കുഴിയില്‍ നിന്ന് പുറത്തെടുക്കുന്ന നടപടികള്‍ ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ മാത്രമേ ഏതുതരം മരുന്ന് ഉപയോഗിച്ചാണ് നായ്ക്കളെ കൊന്നതെന്ന് അറിയാന്‍ കഴിയുകയുള്ളൂയെന്ന് പൊലീസ് പറഞ്ഞു. 

'മെഗ് സള്‍ഫ്' എന്ന രാസവസ്തു ഉപയോഗിച്ചാണ് നായ്ക്കളെ കൊല്ലുന്നതെന്നും ഏറെ നേരം പിടഞ്ഞാണ് ജീവന്‍ നഷ്ടപ്പെടുന്നതെന്നും പീപ്പിള്‍ ഫോര്‍ അനിമല്‍സിലെ പ്രവര്‍ത്തക അറിയിച്ചു. ആഭ്യന്തര വിമാനത്താവള പരിസരത്ത് നിന്ന് ഒന്‍പത് നായ്ക്കളുടെ അഴുകിയ ശരീരങ്ങളും വിഷം നിറഞ്ഞ സിറിഞ്ചും ഉപ്പ് പാക്കറ്റും കിട്ടിയിട്ടുണ്ടെന്ന് സംഘടന ഭാരവാഹികള്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, വിമാനത്താവളവും പരിസരവും തെരുവുനായ്ക്കളുടെ പിടിയിലാണെന്നും നിരവധി പേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റതായും പ്രദേശവാസികള്‍ പറഞ്ഞു.

ഭയന്ന് പിൻമാറ്റം? മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഹർജി ഐജി ലക്ഷമൺ പിൻവലിച്ചേക്കും

YouTube video player