ഹരിപ്പാട്: ഇരട്ട സഹോദരങ്ങൾ വെള്ളക്കെട്ടിൽ വീണ് മരിച്ചു.  മുതുകുളം തെക്ക് പുത്തൻവീട്ടിൽ (വേലിയിൽ) പരേതനായ ഉദയകുമാറിന്റെയും രാമനിയുടെയും മക്കളായ അരുൺ (28), അഖിൽ (28) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30 ഓടെ ആയിരുന്നു സംഭവം. 

കഴിഞ്ഞ 18ന് മരിച്ച അച്ഛൻ്റെ ചടങ്ങുകൾക്കായി സഹോദരങ്ങൾ ഇന്നലെ ഉച്ചയോടെ വീടും പരിസരവും വൃത്തിയാക്കുന്നതിനിടയിൽ വെള്ളക്കെട്ടിൽ വീണ മരച്ചില്ല എടുക്കാൻ ഇറങ്ങുകയായിരുന്നു. ആദ്യം ഒരാൾ വെള്ളക്കെട്ടിൽ പെട്ടപ്പോൾ മറ്റേ ആൾ രക്ഷിക്കാനായി ഇറങ്ങിയതാകാമെന്നാണ് കരുതുന്നത്. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും ഇവരെ രക്ഷിക്കാനായില്ല. 

ചെളിയിൽ താഴ്ന്നതാകാം അപകടത്തിന് കാരണമെന്നും കരുതുന്നതായി പൊലീസ് പറഞ്ഞു. കനകക്കുന്ന് പൊലീസാണ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചത്. മൂന്നാർ റിവുലറ്റ് റിസോർട്ടിലെ സെയിൽസ് മാനേജരായിരുന്നു അഖിൽ. എറണാകുളം ഹെവൻലി ഹോളിഡേയ്സിലെ റിസർവേഷൻ എക്സിക്യൂട്ടീവായിരുന്നു  അരുൺ. ഡിസംബർ 22-നായിരുന്നു അരുണിൻ്റെ വിവാഹം.