വീട്ടുകാര്‍ പത്രം തലയില്‍ നിന്ന് മാറ്റാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിക്കാതെ വന്നതോടെ മുക്കം ഫയർ ഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.

കോഴിക്കോട്: അലൂമിനിയം പാത്രത്തില്‍ തല കുടുങ്ങിയ രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന. മലപ്പുറം ജില്ലയിലെ വാഴക്കാട് ചെറുവായൂര്‍ സ്വദേശികളായ ചോലയില്‍ ജിജിലാല്‍-അതുല്യ എന്നിവരുടെ മകന്‍ അന്‍വിക്ക് ലാലിന്റെ തലയിലാണ് കളിക്കുന്നതിനിടെ അബദ്ധത്തില്‍ പാത്രം കുടുങ്ങിയത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.

അച്ചച്ഛനൊപ്പമായിരുന്നു കുട്ടി ഉണ്ടായിരുന്നത്. കുഞ്ഞിന് കളിപ്പാട്ടമെടുക്കാനായി ഇദ്ദേഹം അകത്തേക്ക് പോയ സമയത്താണ് അപകടം സംഭവിച്ചത്. വീട്ടുകാര്‍ പത്രം തലയില്‍ നിന്ന് മാറ്റാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിക്കാതെ വന്നതോടെ മുക്കം അഗ്നിരക്ഷാ നിലയത്തിന്റെ സഹായം തേടുകയായിരുന്നു. നിരവധി തവണ കണ്ടും ചെയ്തും ശീലിച്ച ഈ 'കുഞ്ഞു' രക്ഷാപ്രവര്‍ത്തനം ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ആരംഭിച്ചു.

20 മിനിട്ട് സമയമെടുത്ത് കുഞ്ഞിന് ഒന്നു കരയാന്‍ പോലും ഇടനല്‍കാതെ ഉദ്യോഗസ്ഥര്‍ ദൗത്യം പൂര്‍ത്തിയാക്കി. മോചിതനായ ആല്‍വിക്കിന് മിഠായി ഉള്‍പ്പെടെ നല്‍കിയാണ് ഉദ്യോഗസ്ഥര്‍ യാത്രയാക്കിയത്. മുക്കം സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുള്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ പയസ് അഗസ്റ്റിന്‍, എന്‍ ജയകിഷ് സീനിയര്‍ ഫയര്‍ ഓഫീസര്‍ സി മനോജ് ഫയര്‍ ഓഫീസര്‍മാരായ എം സജിത്ത് ലാല്‍, സനീഷ് പി ചെറിയാന്‍, കെ അഭിനേഷ്, എ എസ് പ്രദീപ്, പി നിയാസ്, സി വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി.