കായംകുളം: കരീലക്കുളങ്ങര പത്തിയൂരിൽ വീടിന്റെ കാർപോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് കത്തിച്ച സംഭവവുമായി ബന്ധപ്പെട്ടു രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍. കരീലക്കുളങ്ങര പത്തിയൂർ കിഴക്ക് കളത്തിൽ വീട്ടിൽ അമീൻ, കൃഷ്ണ നിവാസിൽ കണ്ണൻ എന്ന അഖിൽ കൃഷ്ണ എന്നിവരെയാണ് കരീലക്കുളങ്ങര പൊലീസ് പിടികൂടിയത്.  

കേസില്‍ ബൈക്ക് കത്തിച്ച ഒന്നാം പ്രതി പത്തിയൂർ തിരുവിനാൽ തറയിൽ സജനെ നേരത്തെ  അറസ്റ്റ് ചെയ്ത് റിമാന്‍റ് ചെയ്തിതിരുന്നു. പത്തിയൂർ പ്ലാമൂട്ടിൽ ജോസിന്റെ വീട്ടിലെ കാർപോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് ജനുവരി രണ്ടിന് പുലർച്ചെ രണ്ടിന് ശേഷമാണ് കത്തിച്ചത്.

അന്ന് മൂന്നു ബൈക്കും ഒരു സൈക്കിളും കത്തിനശിച്ചു. ആ സംഭവത്തിനു ശേഷം ജോസിന്‍റെ വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നു. ക്യാമറയിൽ മുഖം മൂടി ധരിച്ചെത്തിയ ഒരാൾ വീടിന്‍റെ മതിൽ ചാടി എത്തി ബൈക്കിൽ പെട്രോൾ ഒഴിക്കുകയും അതിന് ശേഷം മതിലിന്‍റെ ഗേറ്റ് ചാടി കടന്ന് റോഡിൽ എത്തിയ ശേഷം വെളിയിൽ നിന്ന് കൊണ്ട് തീ കത്തിച്ചു എറിയുന്നതും സിസിടിവിയിൽ പതിഞ്ഞു.

ഈ ദൃശ്യങ്ങൾ  പൊലീസ് പരിശോധിച്ചതിലൂടെയാണ് സംശയാസ്പദമായ നിലയിൽ കണ്ട സജനെ കസ്റ്റഡിയിലെടുത്തത്.  തുടർന്ന് സജനെ ചോദ്യം ചെയ്തപ്പോള്‍ താനാണ് ബൈക്ക് കത്തിച്ചതെന്ന്  കുറ്റസമ്മതം നടത്തി. 2019 ജനുവരി രണ്ടാം തിയതി ജോസിന്‍റെ വീട്ടിലെ കാർപോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്കുകൾ കത്തിച്ചതും താനാണെന്നു സമ്മതിച്ചു. തുടർന്ന് അറസ്റ്റ് ചെയ്ത സജനിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും സാഹചര്യ തെളിവുകളുടെയും സാക്ഷിമൊഴിയുടെയും ശാസത്രിയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് അമീൻ, അഖിൽ കൃഷ്ണ എന്നിവരെ അറസ്റ്റ് ചെയ്തത്.

ഇവർ സജന് മദ്യവും മറ്റും വാങ്ങി നൽകി രണ്ട് തവണയും ബൈക്കുകൾ തീവെച്ചു നശിപ്പിക്കുകയായിരുന്നുവെന്ന് അറസ്റ്റിലായ അമീനും അഖിൽ കൃഷ്ണയും സമ്മതിച്ചതായി കരീലക്കുളങ്ങര സർക്കിൾ ഇൻസ്പെക്ടർ എസ് നന്ദകുമാർ പറഞ്ഞു. മുൻ വൈരാഗ്യമാണ് സജനെ കൊണ്ട് ബൈക്കുകൾ കത്തിക്കുവാൻ പ്രതികളായ അഖിലിനെയും കൃഷ്ണയെയും പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.