ഒരു മാസത്തോളം മൂന്നാർ, ചെന്നൈ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെ, എറണാകുളം ഭാഗത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുന്നപ്ര പൊലീസാണ് പ്രതികളെ പിടികൂടിയത്

പുന്നപ്ര: വാക്കുതർക്കത്തിന്‍റെ പേരിൽ ഗൃഹനാഥനെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിച്ച കേസിൽ രണ്ട് പ്രതികളെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ വടക്ക് പി ഡബ്ല്യു 3 ൽ വെളിയത്തേഴം വീട്ടിൽ അഭിജിത്ത് (28), പുന്നപ്ര തെക്ക് പഞ്ചായത്ത് വാർഡ് 4 ൽ വാണിയം പറമ്പിൽ അരുൺ എന്നിവരാണ് പിടിയിലായത്. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് 5 -ാം വാർഡിൽ ചാത്തന്റെ തറ വീട്ടിൽ ഉണ്ണിയും അഭിജിത്തും തമ്മിൽ ഓണസമയത്തുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിന് കാരണമായത്.

സംഭവം നടന്നത് ഒക്ടോബർ 12 ന്

കഴിഞ്ഞ ഒക്ടോബര്‍ 12 ന് രാത്രി 9.30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് രാത്രി അരുണിന്റെ സ്കൂട്ടറിൽ ഉണ്ണിയുടെ കുടുംബ വീട്ടിലെത്തിയ പ്രതികൾ, ഉണ്ണിയെ വിളിച്ചിറക്കി മുഖത്തേക്ക് പെപ്പർ സ്പ്രേ അടിച്ച ശേഷം കൈയിൽ കരുതിയിരുന്ന ഇരുമ്പ് പൈപ്പ് കൊണ്ട് തലക്ക് അടിക്കുകയായിരുന്നു. അടി കൊണ്ട് താഴെ വീണ ഉണ്ണിയുടെ ഇടതുകാലിൽ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ച് അസ്ഥിക്ക് പൊട്ടൽ വരുത്തുകയും ചെയ്തു. ഇത് കണ്ട് പിടിച്ചുമാറ്റാനെത്തിയ ഉണ്ണിയുടെ ബന്ധുക്കളെ അഭിജിത്ത് ഭീഷണിപ്പെടുത്തിയ ശേഷം അരുണിന്റെ സ്കൂട്ടറിൽ കയറി രക്ഷപ്പെട്ടു.

പിടികൂടിയത് കൊച്ചിയിൽ ഒളിവിൽ കഴിയവെ

സംഭവത്തിന് ശേഷം ഒരു മാസത്തോളം മൂന്നാർ, ചെന്നൈ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെ, എറണാകുളം ഭാഗത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. എറണാകുളത്ത് ഒളിച്ചു താമസിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുന്നപ്ര പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പുന്നപ്ര പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മഞജുദാസിന്റെ നേതൃത്വത്തിൽ പൊലീസ് സബ്ബ് ഇൻസ്‌പെക്ടർ ബോബൻ, സീനിയർ സിവിൽ പൊലീസ് ഓഫിസര്‍മാരായ രതീഷ്, മാഹീൻ, അബൂബക്കർ സിദ്ദീഖ് എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വീയപുരത്ത് സഹോദരന്‍റെ ഭാര്യയെ ആക്രമിച്ച കേസിൽ ശിക്ഷ

അതിനിടെ വീയപുരത്ത് നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത സഹോദരനെയും സഹോദരന്‍റെ ഭാര്യയെയും ഉപദ്രവിച്ച സംഭവത്തിൽ പ്രതിക്ക് 8 വർഷം തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു എന്നതാണ്. ചെറുതന വില്ലേജിൽ ചെറുതന വടക്ക് മുറിയിൽ എസ് ആർ ഭവനം വീട്ടിൽ സുഭാഷിനെയാണ് (47) ആലപ്പുഴ അസിസ്റ്റന്‍റ് സെഷൻസ് കോടതി ജഡ്ജി രേഖ ലോറിയൻ ശിക്ഷിച്ചത്.