കൂത്താട്ടുകുളത്ത് വൈദ്യുതി വിച്ഛേദിച്ച് വയോധികയുടെ ഒരു പവനോളം വരുന്ന സ്വർണമാല കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിലായി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സ്ഥിരം കുറ്റവാളികളായ പ്രതികളെ പോലീസ് പിടികൂടിയത്.
കൂത്താട്ടുകുളം: കരണ്ട് പോയതോടെ മെഴുകുതിരി കത്തിച്ച് വരാന്തയിൽ വെക്കാനെത്തിയ വയോധികയുടെ ഒരു പവനോളം തൂക്കം വരുന്ന സ്വർണ മാല മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിലായി. ഐരാപുരം മഴുവന്നൂർ മംഗലത്തുനട വാരിക്കാട്ട് വീട്ടിൽ ഷിജു (പങ്കൻ ഷിജു 44), കോട്ടപ്പടി പരുത്തേലി വീട്ടിൽ രാജൻ (46) എന്നിവരെയാണ് കിഴകൊമ്പ് മുളന്താനത്ത് കൗസല്യയുടെ മാല മോഷ്ടിച്ച കേസിൽ കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്. നവംബർ 14-ന് വൈകുന്നേരം 7 മണിക്ക് പഴയ ഷാപ്പുംപടിയ്ക്കടുത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.
പകൽ സമയത്ത് കൂത്താട്ടുകുളത്തും ഇലഞ്ഞിയിലും കറങ്ങി നടന്ന പ്രതികൾ രാത്രിയോടെ ശ്രീധരീയം ഭാഗത്ത് എത്തി. പ്രധാന റോഡിൽ നിന്ന് മാറി നിൽക്കുന്ന വീട് ശ്രദ്ധയിൽപ്പെട്ട പ്രതികൾ, ഇവിടെയെത്തി ഫ്യൂസ് ഊരി. കരണ്ട് പോയതിനെ തുടർന്ന് കൗസല്യ മെഴുകുതിരി കത്തിച്ച് വരാന്തയിൽ വെക്കാനെത്തിയപ്പോഴാണ് ഇരുവരും അതിക്രമിച്ച് കയറി ബലപ്രയോഗത്തിലൂടെ മാല പൊട്ടിച്ചത്. തുടർന്ന് പ്രതികൾ ബൈക്കിൽ രക്ഷപെട്ടു.
സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ തിരിച്ചറിയാൻ സഹായകമായത്. ഒന്നാം പ്രതി വിവിധ സ്റ്റേഷനുകളിലായ് 16 കേസിൽ ഉൾപ്പെട്ടയാളാണ്. രണ്ടാം പ്രതിക്ക് പെരുമ്പാവൂർ സ്റ്റേഷനിൽ കേസുണ്ട്. പുത്തൻകുരിശ് ഡിവൈഎസ്പി വി.ടി. ഷാജൻ, എസ്.ഐ. സി. ആർ. രഞ്ജുമോൾ, ബിജു ജോർജ്, പി. വി. ശാന്തകുമാർ, കെ.വി. അഭിലാഷ്, പി. എൻ. പ്രതാപൻ, സി.വി. ജോസ്, സി.ആർ.സുരേഷ്, വിനു രാമൻ, സിവിൽ പോലീസ് ഓഫീസർമാരായ പി. കെ. മനോജ്, പി.സി. കൃഷ്ണൻ എന്നിവരുടെ നേതൃത്വതിലാണ് പ്രതികളെ പിടികൂടിയത്.


