കഴിഞ്ഞ ഓഗസ്റ് 16 ന് കേരള ബാങ്കിന്റെ ചെമ്മണ്ണാർ ശാഖയിൽ 13 പവൻ മുക്കു പണ്ടം പണയം വെച്ച് ജോൺസൺ മൂന്ന് ലക്ഷത്തി തൊണ്ണൂറായിരം രൂപ തട്ടിയെടുത്തു. ഓഗസ്റ് 25 ന് ബിലാൽ പതിനേഴര പവൻ പണയം വെച്ച് അഞ്ചര ലക്ഷം രൂപയും തട്ടിയെടുത്തു.

ഉടുമ്പൻചോല: ഇടുക്കി ഉടുമ്പൻചോലയിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ടു പേരെ പൊലീസ് പിടികൂടി. രണ്ട് തവണയായി ഒൻപതര ലക്ഷത്തോളം രൂപയാണ് ഒരേ ബാങ്കിൽ നിന്നും തട്ടിയെടുത്തത്. മൂന്നാം തവണ എട്ടേ മുക്കാൽ ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. നെടുംകണ്ടം ചെമ്മണ്ണാർ സ്വദേശികളായ തെങ്ങുപുള്ളിയിൽ സ്റ്റെഫാൻ സൺ എന്നു വിളിക്കുന്ന ബിലാൽ കല്ലിടയിൽ ജോൺസൺ എന്നിവരാണ് ഉടുമ്പഞ്ചോല പൊലീസിന്റെ പിടിയിലായത്. 

കേസിലെ മറ്റൊരു പ്രതിയായ ചെമ്മണ്ണാർ സ്വദേശി കിഴക്കേ്കുറ്റ് ടിജോയെ ഞാറയ്ക്കൽ പൊലീസും അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഓഗസ്റ് 16 ന് കേരള ബാങ്കിന്റെ ചെമ്മണ്ണാർ ശാഖയിൽ 13 പവൻ മുക്കു പണ്ടം പണയം വെച്ച് ജോൺസൺ മൂന്ന് ലക്ഷത്തി തൊണ്ണൂറായിരം രൂപ തട്ടിയെടുത്തു. ഓഗസ്റ് 25 ന് ബിലാൽ പതിനേഴര പവൻ പണയം വെച്ച് അഞ്ചര ലക്ഷം രൂപയും തട്ടിയെടുത്തു. തുടർന്ന് കഴിഞ്ഞ ദിവസം 27 പവനുമായി ഇരുവരും ബാങ്കിൽ എത്തി. എട്ട് ലക്ഷത്തി എഴുപതിനായിരം രൂപയാണ് ഇത്തവണ തട്ടിയെടുക്കാൻ ശ്രമിച്ചത്. 

സംശയം തോന്നിയ ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചു. ഇത് മനസ്സിലാക്കിയ രണ്ടു പേരും അവിടെ നിന്നും രക്ഷപെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ബിലാലും ജോൺസനും ടിജോയും ചേർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ തട്ടിപ്പ് നടത്തിയിട്ടുള്ളതായാണ് സൂചന. പെരുമ്പാവൂർ സ്വദേശിയിൽ നിന്നും വാങ്ങിയ മുക്കുപണ്ടമാണ് ഇവർ പണയം വെച്ചിരുന്നത്. മൂന്നു പേർക്കെതിരെയും ഇടുക്കി എണറാകുളം ജില്ലകളിൽ മറ്റു കേസുകളുമുണ്ട്. സംഘത്തിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് സൂചന.

Read More :  കാര്‍ മറിഞ്ഞ് പാറക്കെട്ടിൽ തങ്ങി; ഉടുതുണി അഴിച്ച്‌ വടമാക്കി താഴെയിറങ്ങി, രക്ഷകരായി മലപ്പുറത്തെ വിനോദസഞ്ചാരികൾ