കൊച്ചിയിൽ അതിഥി തൊഴിലാളി കുടുംബത്തിൽ നിന്ന് ഗുണ്ടാപിരിവ് നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് പട്ടാപ്പകൽ കവർച്ച നടത്തിയ കേസിൽ പ്രതികൾ പിടിയിലായി. പള്ളുരുത്തിയിൽ താമസിക്കുന്ന രണ്ട് പ്രതികളെ പനങ്ങാട് പോലീസ് പിടികൂടി.

കൊച്ചി: അതിഥി തൊഴിലാളി കുടുംബത്തോടൊപ്പം താമസിക്കുന്ന വീട്ടിൽ ഗുണ്ടാപിരിവ് നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് പട്ടാപ്പകൽ കവർച്ച നടത്തിയ കേസിൽ പ്രതികൾ പിടിയിൽ. പള്ളുരുത്തി MLA റോഡിൽ താമസിച്ചു വരുന്ന സദ്ദാം (35), അസിബ് ശിഹാബ് (38) എന്നിവരാണ് പനങ്ങാട് പോലീസിന്റെ പിടിയിലായത്. കവർച്ച ചെയ്ത ബാഗും ഫോണും പണവും പ്രതികളുടെ കൈയ്യിൽ നിന്നും പിന്നീട് പോലീസ് കണ്ടെടുത്തു.

ഗുണ്ടാപിരിവ് നൽകാൻ വിസമ്മതിച്ചതിന് കവർച്ച

സംഭവത്തിൽ പനങ്ങാട് പൊലീസ് പറയുന്നതിങ്ങനെ. കുമ്പളം സൗത്ത് ഹോളി മേരി കോളേജിനടുത്ത് താമസിക്കുന്ന അസം സ്വദേശിയുടെ വീട്ടിലാണ് കവർച്ച നടന്നത്. വർഷങ്ങളായി കുടുംബസമേതം സ്ത്രീകളും കുട്ടികളോടൊപ്പം ചെറിയ ജോലികൾ ചെയ്‌താണ് പരാതിക്കാരൻ ഇവിടെ താമസിക്കുന്നത്. ഇവിടെ പ്രതികൾ സ്ഥിരമായി എത്തി ഭീഷണി മുഴക്കി ഗുണ്ടാപിരിവ് നടത്താറുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഗുണ്ടാപിരിവ് നടത്താൻ എത്തിയപ്പോൾ പ്രതികളോട് പണം നൽകാൻ സാധിക്കില്ലെന്ന് അതിഥി തൊഴിലാളി വ്യക്തമാക്കി. ഇതോടെ കുപിതരായ പ്രതികൾ പരാതിക്കാരനെയും കുടുംബത്തെയും ക്രൂരമായി ആക്രമിച്ചു. വീട്ടിൽ അതിക്രമിച്ച് കയറി 5000 രൂപയും മൊബൈൽ ഫോണ് അടങ്ങിയ ബാഗും എടുത്ത് ഇവിടെ നിന്ന് പോയി. മർദനത്തിൽ പരിക്കേറ്റ പരാതിക്കാരൻ അഭയം തേടി ഉടൻ പൊലീസ് സ്റ്റേഷനിലേക്ക് പോയി. വിവരമറിഞ്ഞ പൊലീസ് പ്രതികൾക്കായി തിരച്ചിൽ നടത്തി. പള്ളുരുത്തി ഭാഗത്ത് നിന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ പൊലീസ് പിടികൂടി.

പനങ്ങാട് പൊലീസ് ഇൻസ്പെക്ടർ വിപിൻ ദാസ്, എസ്ഐ മുനീർ എം എം, പോലീസ് ഉദ്യോഗസ്ഥരായ അരുൺ രാജ്, ശ്രീജിത്ത്‌ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പൊലീസുകാരെ ആക്രമിച്ചതടക്കം വേറെയും ക്രിമിനൽ കേസുകളിൽ സദ്ദാമും ശിഹാബും പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു