മോഷ്ടിച്ച സാധനങ്ങൾ ഓട്ടോറിക്ഷയിൽ  വിൽപ്പനയ്ക്ക് കൊണ്ടു പോകും വഴിയാണ് ഇരുവരും  പിടിയിലായത്. 35,000 ത്തോളം രൂപ വിലവരുന്ന സാധനങ്ങളാണ് പ്രതികള്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.

അടിമാലി: ഇടുക്കിയില്‍ വൈദ്യുതി ബോർഡിന്‍റെ സാധനങ്ങൾ മോഷ്ടിച്ച രണ്ടു പേർ പിടിയിൽ. പള്ളിവാസൽ രണ്ടാം മൈൽ കളത്തിപ്പറമ്പിൽ റിയാസ് (33) മീൻകെട്ട് പുത്തൻവീട്ടിൽ രാമർ (50) എന്നിവരെയാണ് വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തത്. മീൻ കെട്ടിൽ കണ്ടെയ്‌നറിൽ സൂക്ഷിച്ചിരുന്ന പെൻസ്റ്റോക്ക് പൈപ്പിന്‍റെ ഭാഗങ്ങളാണ് സംഘം മോഷ്ടിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.

കണ്ടൈനറിന്‍റെ പൂട്ട് തകർത്ത് ഇവർ പൈപ്പ് മോഷ്ടിച്ചത്‌. മോഷ്ടിച്ച സാധനങ്ങൾ ഓട്ടോറിക്ഷയിൽ വിൽപ്പനയ്ക്ക് കൊണ്ടു പോകും വഴിയാണ് ഇരുവരും പിടിയിലായത്. 35,000 ത്തോളം രൂപ വിലവരുന്ന സാധനങ്ങളാണ് പ്രതികള്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു. വെള്ളത്തൂവൽ സി.ഐ ആർ.കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ദിവസം അടിമാലിയില്‍ തന്നെ വൈദ്യുതി വകുപ്പിന്റ ട്രാൻസ്ഫോമറും മോഷണം പോയിരുന്നു. ഈ സംഭവത്തില്‍ അന്വേഷണം നടക്കവേയാണ് ഇരുവരും പിടിയിലായത്. ട്രാന്‍സ്ഫോമര്‍ മോഷണത്തിന് പിന്നിലും അറസ്റ്റിലായ റിയാസും രാമനുമാണെന്നാണ് പൊലീസിന്‍‌റെ നിഗമനം. കൂടുതല്‍ അന്വേഷണം നടത്തുമെന്നും പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു.

Read More : വീട്ടിലേക്ക് വിളിച്ചുവരുത്തി, പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി; അടിമാലിയില്‍ യുവാവ് പിടിയില്‍