Asianet News MalayalamAsianet News Malayalam

ഡോക്ടർമാരെന്ന വ്യാജേന എത്തി മൊബൈൽ മോഷണം; യുവാക്കൾ അറസ്റ്റിൽ

ഇവർ മുമ്പും ഇത്തരത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും നിരവധി മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച നടത്തിയതായി വിവരമുണ്ട്. പിടികൂടുന്ന സമയത്ത് ഇവർ പൊലീസിനെ വെട്ടിച്ചു കടന്നുകളയാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു.

Two arrested for stealing mobile phones from shop
Author
Kozhikode, First Published Sep 29, 2020, 1:15 PM IST

കോഴിക്കോട്: യുവഡോക്ടർമാരെന്ന് പരിചയപ്പെടുത്തി മുക്കത്തെ പ്രിന്റിംഗ് സ്ഥാപനത്തില്‍ നിന്നുള്‍പ്പടെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച രണ്ടംഗ സംഘം പിടിയിൽ. ചാത്തമംഗലം വേങ്ങേരിമഠം വഴക്കാലായില്‍ ബബിന്‍(20), ചാത്തമംഗലം ചോയിമഠത്തില്‍ ഷാഹുല്‍ദാസ്(24) എന്നിവരെയാണ് മുക്കം പൊലീസ് പിടികൂടിയത്. ഡോക്ടര്‍ എന്ന വ്യാജേന സീല്‍ നിര്‍മ്മിക്കാനെത്തിയ ഇവർ മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച നടത്തി രക്ഷപ്പെടുകയായിരുന്നു.

ശനിയാഴ്ച മുക്കത്തെ ഓര്‍ഫനേജ് റോഡിലുള്ള പ്രിന്റിംഗ് സ്ഥാപനത്തില്‍ സ്റ്റെതസ്‌കോപ്പ് ധരിച്ചെത്തിയ ഇവർ മുക്കത്തു തന്നെയുള്ള സ്വകാര്യ മെഡിക്കല്‍ കോളേജിലെ യുവഡോക്ടര്‍മാരാണെന്ന് പരിചയപ്പെടുത്തി സീല്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് തന്ത്രപൂര്‍വ്വം സ്ഥാപനത്തിലുണ്ടായിരുന്ന മൂന്നു മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച നടത്തി. അന്ന് രാത്രി തന്നെ മുക്കത്തെ മറ്റൊരു തട്ടുകടയില്‍ നിന്നും ഇവർ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചിരുന്നു.

സംഘത്തെ പിടികൂടുന്നതിനായി നിയോഗിച്ച അന്വേഷണ സംഘം മുക്കത്തും പരിസരങ്ങളിലുമുള്ള വിവിധ സിസിടിവികള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇവരുടെ വീടും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഞായറാഴ്ച രാത്രി പത്തുമണിയോടെ കെട്ടാങ്ങല്‍ അങ്ങാടിയില്‍ നിന്നും ഇരുവരെയും  പിടികൂടുകയായിരുന്നു.

ഇവരുടെ കയ്യില്‍ നിന്നും വിവിധ സ്ഥലങ്ങളില്‍ നിന്നും മോഷ്ടിച്ച പത്തോളം മൊബൈല്‍ ഫോണുകള്‍ പോലീസ്  കണ്ടെടുത്തു. കൂടാതെ ഇവരെ കുറിച്ചു കൂടുതല്‍ അന്വേഷണം നടത്തിയപ്പോൾ ഇരുവരും ന്യൂജന്‍ മയക്കുമരുന്ന് ഉള്‍പ്പെടെ വിവിധ തരത്തിലുള്ള മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരാണെന്നും മയക്കുമരുന്നുകള്‍ വില്‍പ്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്.

ഇവർ മുമ്പും ഇത്തരത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും നിരവധി മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച നടത്തിയതായി വിവരമുണ്ട്. പിടികൂടുന്ന സമയത്ത് ഇവർ പൊലീസിനെ വെട്ടിച്ചു കടന്നുകളയാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. പ്രതികളിലെ ബബിന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്, കുന്ദമംഗലം, തിരുവമ്പാടി തുടങ്ങി വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ പൊലീസിനെ ആക്രമിച്ചതടക്കമുള്ള കേസുകളിലും മലപ്പുറം ജില്ലയില്‍ കഞ്ചാവു കടത്തിയതടക്കമുള്ള കേസുകളിലും പ്രതിയാണ്.

മുക്കം ഇന്‍സ്‌പെക്ടര്‍ ബി.കെ. സിജുവിന്റെ നിര്‍ദേശപ്രകാരം മുക്കം പ്രിന്‍സിപ്പല്‍ എസ്.ഐ. ഷാജിദ്.കെ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷെഫീഖ്, ശ്രീകാന്ത്, സിഞ്ചിത്ത്, സുഭാഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് ഇരുവരെയും പിടികൂടിയത്.

Follow Us:
Download App:
  • android
  • ios