വയനാട്: മേപ്പാടിയില്‍ ലോക്ക് ഡൗണിന്‍റെ മറവില്‍ കാട്ടില്‍ വേട്ടയ്ക്കിറങ്ങിയ സംഘം വനംവകുപ്പിന്‍റെ പിടിയിലായി. കല്‍പറ്റ സ്വദേശികളായ രണ്ടുപേരാണ് വേട്ടയാടിക്കൊന്ന കേഴമാനുമായി പിടിയിലായത്. ഓടി രക്ഷപ്പെട്ട സംഘത്തിലെ ബാക്കി ആറുപേർക്കായി തിരച്ചില്‍ തുടരുകയാണ്. 

Read more: കോഴിക്കോട് അഞ്ചിടങ്ങളില്‍ സാമ്പിള്‍ ശേഖരിക്കാന്‍ സൗകര്യം, ക്വറന്റൈൻകാർക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വീടുകളിൽ

മേപ്പാടി ഫോറസ്റ്റ് റേഞ്ചിലെ കുന്നന്‍പറ്റയിലെ സ്വകാര്യ തോട്ടത്തോടു ചേർന്ന ഭാഗത്താണ് സംഘം വേട്ടയ്ക്കിറങ്ങിയത്. തിങ്കളാഴ്ചയാണ് ഇവർ കേഴമാനിനെ വേട്ടയാടികൊന്നത്. ചെറുപ്പക്കാർ വേട്ടയ്ക്കിറങ്ങിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പുദ്യോഗസ്ഥർ പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തി. എന്നാല്‍ സംഘത്തിലെ രണ്ടുപേരെ മാത്രമാണ് പിടികൂടാനായത്. ബാക്കി ആറുപേർ ഓടി രക്ഷപ്പെട്ടു. ഇവരുടെ നാല് ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.

Read more:  ലോക്ക്ഡൗൺ കാലത്തെ കൈത്താങ്ങ്; അതിഥി തൊഴിലാളിയുടെ വക സമൂഹ അടുക്കളയിലേക്ക് പച്ചക്കറി കിറ്റുകള്‍

കല്‍പറ്റ മണിയങ്കോട് സ്വദേശി പ്രജീഷ്, പുത്തൂർവയല്‍ സ്വദേശി സുഭാഷ് എന്നിവരാണ് പിടിയിലായ രണ്ടുപേർ. സംഘത്തിലെ ബാക്കി പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ വനംവകുപ്പിന് ലഭിച്ചിട്ടുണ്ട്. ഇവരെ ഉടന്‍ പിടികൂടുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പിടിയിലായ പ്രതികളെ വൈകാതെ കോടതിയില്‍ ഹാജരാക്കും.

Read more: ലോക്ക് ഡൗൺ: കൂട്ടായ്മയില്‍ നേട്ടം കൊയ്ത് ജനകീയ മത്സ്യകൃഷി