പെരിന്തൽമണ്ണയിലെ ഒരു ലോഡ്ജ് കേന്ദ്രീകരിച്ച് എം.ഡി.എം.എ. വിൽപ്പന നടത്തിയ നഴ്‌സിങ് വിദ്യാർത്ഥിനിയടക്കം രണ്ടുപേർ പിടിയിലായി. 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി നടത്തിയ മിന്നൽ പരിശോധനയിലാണ് 11.63 ഗ്രാം ലഹരിമരുന്നുമായി ഇവർ അറസ്റ്റിലായത്. ലഹരി ഇടപാടുകൾക്ക് സഹായം നൽകുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
മലപ്പുറം: ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം.ഡി.എം.എ. വിൽപ്പന നടത്തിവന്ന കേസിൽ നഴ്‌സിങ് വിദ്യാർത്ഥിനിയടക്കം രണ്ടുപേർ പെരിന്തൽമണ്ണയിൽ പിടിയിലായി. പെരിന്തൽമണ്ണ മണ്ണാർമല പച്ചീരി സ്വദേശി റാവുത്തർ വീട്ടിൽ ജാസിർ അർഷാദ് (20), അങ്ങാടിപ്പുറം ജൂബിലി റോഡ് അമ്പലക്കുത്ത് വീട്ടിൽ ഷഹാന മിധ (20) എന്നിവരെയാണ് 11.63 ഗ്രാം എം.ഡി.എം.എ.യുമായി പോലീസ് അറസ്റ്റ് ചെയ്തത്.
മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ലഹരിക്കടത്ത് തടയുന്നതിനായി നടപ്പാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി പെരിന്തൽമണ്ണ എസ്.ഐ. അൻവർ സാദിഖും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്. പെരിന്തൽമണ്ണ ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന.
പിടിയിലായവർ ലഹരിമരുന്ന് എവിടെനിന്നാണ് എത്തിച്ചതെന്നും ആർക്കൊക്കെയാണ് വിതരണം ചെയ്തതെന്നും പോലീസ് അന്വേഷിച്ചുവരികയാണ്. ലോഡ്ജിൽ കൂടുതൽ ആളുകൾക്ക് ഇടപാടിൽ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ലോഡ്ജുകൾ കേന്ദ്രീകരിച്ചുള്ള പരിശോധന കർശനമാക്കുമെന്നും, ലഹരി ഇടപാടുകൾക്ക് വാഹനമോ സാമ്പത്തിക സഹായമോ നൽകുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പെരിന്തൽമണ്ണ ഡി.വൈ.എസ്.പി. അറിയിച്ചു. അറസ്റ്റിലായ പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കും.


