ഭിന്നശേഷി കമ്മീഷണറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച വനിതാ ഡോക്ടര്‍ അടക്കം രണ്ട് പേര്‍ക്കെതിരെ കേസ്
പേരൂര്‍ക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ കൂടിയായ ബിജിയെ ഭിന്നശേഷി കമ്മീഷൻ ബോർഡിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചതിലെ പ്രതികാരമാണ് ആക്രമണ ശ്രമമെന്നാണ് എഫ്ഐആര്‍ വിശദമാക്കുന്നത്.

തിരുവനന്തപുരം: ഭിന്നഭേഷി കമ്മീഷണർ പഞ്ചാപകേശനെ ചേമ്പറിൽ കയറി ചീത്ത വിളിച്ചതിനും കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനും ഡോക്ടര്‍മാര്‍ക്കെതിരരെ കേസ്. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷൻ ഭാരവാഹികളായ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഡോ. ശ്രീലാല്‍, ഡോ, ബിജി വി എന്നിവര്‍ക്കെതിരെ മ്യൂസിയം പൊലീസാണ് കേസെടുത്തത്.
ഡോ. ബിജിയെ ഭിന്നശേഷി കമ്മീഷൻ ബോർഡിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചതിലെ പ്രതികാരമാണ് ആക്രമണ ശ്രമമെന്നാണ് എഫ്ഐആര്‍ വിശദമാക്കുന്നത്. ജനുവരി 11ാം തിയതിയാണ് അതിക്രമം നടന്നത്. പകല്‍ 12.30ഓടെയായിരുന്നു പ്രതികള്‍ ചേമ്പറില്‍ കയറി കമ്മീഷണറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. കമ്മീഷണറെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറയാനും ഡോക്ടര്‍മാര്‍ മടിച്ചില്ലെന്നാണ് എഫ്ഐആര്‍ വിശദമാക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 1860 വകുപ്പിലെ 294 ബി, 353, 34 അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. പേരൂര്‍ക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ കൂടിയാണ് ഡോ ബിജി വി.
കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട വിദ്യാര്ത്ഥിനിയെ പീഡിപ്പിച്ച കേസിൽ ദന്ത ഡോക്ടർ അറസ്റ്റിലായത്. ആറ്റിങ്ങൽ ബോയ്സ് സ്കൂളിന് സമീപം സുബിനം ഹൗസിൽ സുബി എസ് നായർ (32) ആണ് അറസ്റ്റിലായത്. വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വർക്കല കവലയൂരിൽ സുബീസ് ഡെന്റൽ കെയർ എന്ന സ്ഥാപനം നടത്തുകയായിരുന്ന പ്രതി കഴിഞ്ഞ ജൂലൈയിൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 28 കാരിയായ വിദ്യാർഥിനിയെ വിഴിഞ്ഞം, കോവളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് പരാതി.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം പകർത്തിയ വീഡിയോയുടെ പേരിൽ ഭീക്ഷണിപ്പെടുത്തിയതായും പലവട്ടം പീഡിപ്പിച്ചതായും പരാതിയുണ്ട്. പെൺകുട്ടി ഗർഭഛിദ്രത്തിന് വിധേയയായി. വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻമാറിയതോടെയാണ് പെൺകുട്ടി വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്.