കല്ലൂര്‍ കൊമ്പനെയും വടക്കനാട് കൊമ്പനെയും ഇന്നലെ മുതലാണ് കുറുക്കന്‍മൂലയിലെ ദൗത്യത്തിനായി എത്തിച്ചത്. എന്നാല്‍  വയനാട്ടുകാരെ വിറപ്പിച്ചതാണ് ഈ രണ്ട് ആനകളുടെയും ഭൂതകാലം.

സുല്‍ത്താന്‍ബത്തേരി: കുറുക്കന്‍മൂലയില്‍ (Kurukkanmoola) ജനജീവിതം ഭീതിയിലാക്കിയ കടുവയെ (Tiger) കൂട്ടിലാക്കാന്‍ ഒടുവില്‍ കുങ്കിയാനകളെ (Elephants) രംഗത്തിറക്കിയിരിക്കുകയാണ് വനംവകുപ്പ്(forest department). അതും ഒരു കാലത്ത് വയനാട്ടുകാരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ രണ്ട് കൊമ്പന്മാരെയാണ് കടുവയെ കണ്ടെത്തുന്നതിന് നിയോഗിച്ചിരിക്കുന്നത്. കല്ലൂര്‍ കൊമ്പനെയും വടക്കനാട് കൊമ്പനെയും ഇന്നലെ മുതലാണ് കുറുക്കന്‍മൂലയിലെ ദൗത്യത്തിനായി എത്തിച്ചത്. എന്നാല്‍ ഈ രണ്ട് ആനകളുടെയും ഭൂതകാലം വയനാട്ടുകാരെ ഒരിക്കല്‍ വിറപ്പിച്ചതാണ്. 2016 വരെ കല്ലൂര്‍, നെന്മേനി നിവാസികളുടെ ജീവിതം ഭീതിയുടെ നിഴലിലാക്കിയ ഗജവീരനായിരുന്നു 'കല്ലൂര്‍ കൊമ്പന്‍'. നീണ്ടുവളഞ്ഞ കൊമ്പുകളും തലയെടുപ്പും ഒപ്പം ആക്രമണോത്സുകത കൂടി ആയതോടെ നാട്ടുകാരിട്ട പേരായിരുന്നു കല്ലൂര്‍ കൊമ്പന്‍. സ്ഥിരമായി ജനവാസ കേന്ദ്രങ്ങളിലെത്തി ഭീതിപരത്തുകയും കല്ലൂര്‍ 67-ലെ കര്‍ഷകനെ ആക്രമിക്കുകയും ചെയ്തതോടെയാണ് വനംവകുപ്പിന്റെ 'ഹിറ്റ്ലിസ്റ്റില്‍' കല്ലൂര്‍ കൊമ്പന്‍ ഉള്‍പ്പെട്ടത്. 

ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് 2016 നവംബര്‍ 22ന് കല്ലൂര്‍ -67 വനമേഖലയില്‍ നിന്ന് മയക്കുവെടി വെച്ച് പിടികൂടുകയായിരുന്നു ഇവനെ. കൊട്ടിലില്‍ തളച്ച ആനക്ക് ഭരതന്‍ എന്ന പേരാണ് അധികൃതര്‍ നല്‍കിയത്. രണ്ട് വര്‍ഷത്തോളം നല്ല നടപ്പ് പഠിച്ച കല്ലൂര്‍ കൊമ്പന്‍ 2018-ഓടെ കുങ്കിയാനയായി മോചിപ്പിക്കപ്പെട്ടു. ആദ്യം പറമ്പിക്കുളം കടുവ സങ്കേതതില്‍ തുറന്നു വിടാനായിരുന്നു തീരുമാനമെങ്കിലും മുതലമട, പറമ്പിക്കുളം, ആനമല എന്നിവിടങ്ങളില്‍ ജനങ്ങള്‍ വലിയ എതിര്‍പ്പുണ്ടാക്കിയതോടെ 2017-ല്‍ ഈ ശ്രമം ഉപേക്ഷിച്ചു. സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്കു തിരികെ വിടുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചെങ്കിലും വീണ്ടും കാട്ടില്‍ തുറന്നു വിടുന്നത് ഉചിതമല്ലെന്നും, അര്‍ധ-വനമായ ആവാസവ്യവസ്ഥയില്‍ തുറന്നു വിടുകയോ, കുങ്കിയാനയാക്കി മാറ്റിയെടുക്കുകയോ ചെയ്യണമെന്നാണ് അന്ന് സമിതി നിേേര്‍ദ്ദശിച്ചത്. അങ്ങനെയാണ് കുങ്കിയാനയാക്കി പരിശീലിപ്പിക്കാനുള്ള തീരുമാനമുണ്ടായത്.

കല്ലൂര്‍ കൊമ്പന് ശേഷം നാടിനെ വിറപ്പിച്ചത് വടക്കനാട് വനമേഖലയില്‍ നിന്നെത്തിയ കൊമ്പനായിരുന്നു. കല്ലൂര്‍ കൊമ്പനെക്കാളും ആക്രമണകാരിയായ വടക്കാട് കൊമ്പന്‍ നിരവധി മനുഷ്യന്‍ ജീവനുകള്‍ അപഹരിച്ചതോടെയാണ് പിടികൂടാനുള്ള തീരുമാനം വനംവകുപ്പ് കൈക്കൊണ്ടത്. ഒടുവില്‍ 2019 മാര്‍ച്ചിലെ പ്രഭാതത്തില്‍ മനുഷ്യരക്തം കണ്ട് കൊതി തീരാത്ത വടക്കനാട് കൊമ്പനും ഡോ. അരുണ്‍ സക്കറിയയുടെ മയക്കുവെടിയേറ്റു വീണു. ഒരു കുട്ടിയടക്കം ഒന്നിനുപിറകെ ഒന്നായി രണ്ട് പേരെ കൊലപ്പെടുത്തിയതാണ് വടക്കനാട് കൊമ്പനെ ഉടന്‍ പിടികൂടാനുള്ള തീരുമാനമുണ്ടാകാന്‍ കാരണം. കല്ലൂര്‍ കൊമ്പനെ പാര്‍പ്പിച്ച കൊട്ടിലിന് സമീപത്തായിരുന്നു വടക്കനാട് കൊമ്പനും കൂടൊരുക്കിയിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് ആനകള്‍ക്കും മനുഷ്യരെ സഹായിക്കാനുള്ള ദൗത്യം ചാര്‍ത്തിക്കിട്ടിയത് കൗതുകവും ഒപ്പം ആശ്വാസവുമായാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ കാണുന്നത്.