ചല്ലിക്കൽ സ്വദേശി കുമാരനെന്ന വൃദ്ധൻ്റെ പരാതിയിലായിരുന്നു വിജിലൻസ് പരിശോധന.
പാലക്കാട്: കോങ്ങാട് വില്ലേജ് ഓഫീസിൽ ( Kongad village office ) വിജിലൻസ് ( Vigilance ) പരിശോധനയിൽ രണ്ട് ഫീൽഡ് അസിസ്റ്റന്‍റുമാരെ കൈക്കൂലിയുമായി പിടികൂടി. കൈക്കൂലിത്തുകയായ 50,000 രൂപയും കണ്ടെത്തി. മനോജ്, പ്രസന്നൻ എന്നിവരാണ് പിടിയിലായത്. ചല്ലിക്കൽ സ്വദേശി കുമാരനെന്ന വൃദ്ധൻ്റെ പരാതിയിലായിരുന്നു വിജിലൻസ് പരിശോധന. പൈതൃക സ്വത്തായ 53 സെൻ്റിന് പുറമെ 16 സെന്‍റ് കുമാരൻ്റെ കൈവശമുണ്ടായിരുന്നു. ക്യാൻസർ രോഗിയായ മകളുടെ ചികിത്സയ്ക്കും മറ്റും പണത്തിന് ആവശ്യമേറിയപ്പോഴാണ് 16 സെന്‍റിന് പട്ടയം ശരിയാക്കാൻ പുറപ്പെട്ടത്.
അപേക്ഷ നൽകിയപ്പോൾ വില്ലേജിൽ നിന്നുള്ള ഫീൽഡ് അസിസ്റ്റന്‍റുമാരായ മനോജും പ്രസന്നനും കൈക്കൂലിയായി ആവശ്യപ്പെട്ടത് ഒരുലക്ഷം രൂപ. അത്രയും പണം കയ്യിലില്ലെന്ന് പറഞ്ഞപ്പോൾ 55000 രൂപയ്ക്ക് സമ്മതിച്ചു. അയ്യായിരം ഇന്നലെ നൽകി. പിന്നീട് പാലക്കാട് വിജിലൻസ് ഡിവൈഎസ്‍പി ഷംഷുദ്ദീനെ വിവരമറിയിച്ചു. ഇന്നുച്ചയോടെ വിജിലൻസ് സംഘത്തിനൊപ്പമെത്തി ബാക്കി അമ്പതിനായിരം രൂപ നൽകി. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ പ്രതികളുടെ അറസ്റ്റ് വിജിലൻസ് രേഖപ്പെടുത്തി. വൈകിട്ടോടെ പ്രതികളെ തൃശ്ശൂര്‍ വിജിലൻസ് കോടതിയിൽ ഹാജരാക്കി.
