ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി വീടുകളില്‍ സ്ഥാപിച്ച മീറ്ററുകള്‍ പ്രതികള്‍ മോഷ്ടിച്ചെടുക്കുകയായിരുന്നു. 

കല്‍പ്പറ്റ: കേണിച്ചിറ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന മോഷണസംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പുൽപ്പള്ളിക്ക് സമീപത്തെ വേലിയമ്പം മടാപറമ്പ് ശിവന്‍, പുല്‍പ്പള്ളി ആനപ്പാറ മണി എന്നിവരെയാണ് വാട്ടര്‍ മീറ്ററുകള്‍ മോഷ്ടിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വേലിയമ്പം മടാപറമ്പില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി വീടുകളില്‍ സ്ഥാപിച്ച മീറ്ററുകള്‍ പ്രതികള്‍ മോഷ്ടിച്ചെടുക്കുകയായിരുന്നു. 

പിച്ചള കൊണ്ട് നിര്‍മിച്ച വാട്ടര്‍ മീറ്ററുകളും അനുബന്ധ വസ്തുക്കളും ആക്രിയാക്കി വില്‍പ്പന നടത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു കൃത്യം നടത്തിയതെന്നാണ് പൊലീസ് നിഗമനം. സബ് ഇന്‍സ്‌പെക്ടര്‍ ശിവാനന്ദന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി.കെ. സുനി, സിവില്‍ പൊലീസ് ഓഫീസര്‍ മഹേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയിരുന്നു. 

അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ ഇരുവരില്‍ നിന്നുമായി മോഷണ വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്. തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം