ഗുരുവായൂര്‍ കോഴിക്കോട് റൂട്ടിലോടുന്ന മെഹ്‌സില്‍ എന്ന ബസിലെ ജീവനക്കാരുമായാണ് ഇവർ സംഘര്‍ഷമുണ്ടാക്കിയത്
തൃശൂർ: ഗുരുവായൂര്‍ പ്രൈവറ്റ് ബസ്റ്റാന്‍ഡില്‍ കാറിലെത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയവരെ ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കാറിലെത്തിയ രണ്ടംഗ സംഘം ഗുരുവായൂരിലെ ബസ് ജീവനക്കാര്‍ക്ക് നേരെയാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. ഇന്ന് ഉച്ചയോട് കൂടിയാണ് സംഭവം നടന്നത്. അക്രമിസംഘത്തെ ബസ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയ ശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കാറിന് ബസ് സൈഡ് നല്‍കിയില്ലെന്നാരോപിച്ചായിരുന്നു രണ്ടംഗ സംഘത്തിന്‍റെ തോക്ക് ചൂണ്ടിയുള്ള ഭീഷണി.
ഗുരുവായൂര്‍ കോഴിക്കോട് റൂട്ടിലോടുന്ന മെഹ്‌സില്‍ എന്ന ബസിലെ ജീവനക്കാരുമായാണ് ഇവർ സംഘര്‍ഷമുണ്ടാക്കിയത്. സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും ഇവരുടെ കയ്യിൽ ഉണ്ടായിരുന്നത് എയർ ഗൺ ആയിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം ഗുരുവായൂരിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത പ്ലസ് വൺ വിദ്യാർത്ഥിനിയെ ലോഡ്ജിലേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിന് 16 വർഷം കഠിന തടവും 60000/- രൂപ പിഴയും ശിക്ഷയും വിധിച്ചു എന്നതാണ്. കുന്നംകുളം ഒരുമനയൂർ സ്വദേശി ഫലാൽ മോനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്. 2020 മാർച്ചിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ക്ലാസ് കഴിഞ്ഞ വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ ആണ് തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജിൽ വച്ച് പീഡിപ്പിക്കാൻ ആണ് ശ്രമിച്ചത്. സ്കൂൾ യൂണിഫോമിലുള്ള പെൺകുട്ടിയെ തട്ടികൊണ്ടുവന്നിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയതാണ് രക്ഷയായത്. ഗുരുവായൂർ ടെമ്പിൾ പൊലീസ് ആണ് സ്ഥലത്തെത്തിയതും പ്രതിയെ പിടികൂടിയതും. കേസിൽ രണ്ട് വർഷം നീണ്ട വിചാരണക്ക് ഒടുവിലാണ് പ്രതിയെ ശിക്ഷിച്ചത്.
