പെരിന്തൽമണ്ണ - കോട്ടക്കൽ പാതയിലെ പുത്തൂർ ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ തമിഴ്‌നാട് സ്വദേശികളായ ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റു. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് കാബിനിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തിയത്.
മലപ്പുറം: നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പെരിന്തൽമണ്ണ - കോട്ടക്കൽ പാതയിൽ സ്ഥിരം അപകടമേഖലയായ പുത്തൂർ ഇറക്കത്തിൽ വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം നടന്നത്. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശികളായ ലോറി ഡ്രൈവർ നിഷാന്ത് (23), ക്ലീനർ മുരുകേഷൻ (49) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. തിരുച്ചിറപ്പള്ളിയിൽ നിന്ന് കോട്ടക്കലിലേക്ക് തണ്ണിമത്തൻ ലോഡുമായി വന്ന ലോറിയാണ് അപകടത്തിൽപെട്ടത്.
കെട്ടിടത്തിന്റെ ചുമർ തകർത്ത് പാഞ്ഞുകയറിയ ലോറിയുടെ കാബിനകത്ത് ഡ്രൈവർ കുടുങ്ങിയ നിലയിലായിരുന്നു. വിവരമറിഞ്ഞെത്തിയ മലപ്പുറം അഗ്നിശമന സേനാംഗങ്ങൾ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാബിൻ പൊളിച്ചാണ് സാരമായി പരിക്കേറ്റ ഇയാളെ പുറത്തെടുത്ത് ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തെ തുടർന്ന് പാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മുഹമ്മദ് ഹബീബുറഹ്മാൻ, പി. മുഹമ്മദ് ഷിബിൻ, കെ.പി. അരുൺ ലാൽ, കെ. സി. മുഹമ്മദ് ഫാരിസ്, പി. അഭിനന്ദ്, പി.പി. വിജി, വി.പി. നിഷാദ്, എ. രാകേഷ്, സച്ചിൻ, ഹോം ഗാർഡ് വി. ബൈജു തുടങ്ങിയവരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


