ഒന്നാം പ്രതി നിയാസിന്റെ പോക്കറ്റിൽ നിന്നും 52.34 ഗ്രാം മെത്താംഫിറ്റമിനും, കാറിന്‍റെ ഹാൻഡ് റെസ്റ്റിന്‍റെ താഴ് ഭാഗത്ത് ഒളിപ്പിച്ച നിലയിൽ 2.05 ഗ്രാം മെത്താംഫിറ്റമിനുമാണ് കണ്ടെടുത്തത്. വിപണിയിൽ ഇതിന് രണ്ടു ലക്ഷം രൂപയിലധികം വില വരും.

കൽപ്പറ്റ: വയനാട് ബാവലി എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ രാസ ലഹരി വേട്ട. 54.39 ഗ്രാം മെത്താംഫിറ്റമിനുമായി കണ്ണൂർ സ്വദേശികളായ രണ്ടു യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. ബെംഗളൂരിൽ നിന്നും സ്വിഫ്റ്റ് കാറിലെത്തിയ യുവാക്കളാണ് പിടിയിലായത്. കണ്ണൂർ മാട്ടൂൽ സ്വദേശികളായ നിയാസ് ടി.വി (വയസ്സ് 30), മുഹമ്മദ് അമ്രാസ് ഇ (വയസ്സ് 24) എന്നിവരെയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രജിത് എ യുടെ നേതൃത്വത്തിലുള്ള സംഘവും, ചെക്ക് പോസ്റ്റും ടീമും, എക്സൈസ് ഇന്‍റലിജൻസ് സംഘവും ചേർന്ന് വലയിലാക്കിയത്. ഇവരെത്തിയ കാറിന്‍റെ ഹാന്‍റ്റെസ്റ്റിന് താഴെയും ഒരാളുടെ പോക്കറ്റിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.

യുവാക്കളെത്തിയ കാർ, ഇവരുടെ മൊബൈൽ ഫോണുകൾ, ഐ പാഡ് എന്നിവയും കസ്റ്റഡിയിലെടുത്തു. ഒന്നാം പ്രതി നിയാസിന്റെ പോക്കറ്റിൽ നിന്നും 52.34 ഗ്രാം മെത്താംഫിറ്റമിനും, കാറിന്‍റെ ഹാൻഡ് റെസ്റ്റിന്‍റെ താഴെയുള്ള ഭാഗത്ത് ഒളിപ്പിച്ച നിലയിൽ 2.05 ഗ്രാം മെത്താംഫിറ്റമിനുമാണ് കണ്ടെടുത്തത്. വിപണിയിൽ ഇതിന് രണ്ടു ലക്ഷം രൂപയിലധികം വില വരും. ഇവരുടെ സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടാവാമെന്നാണ് എക്സൈസിന്‍റെ നിഗമനം. അവർക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ പിന്നീട് മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എക്സൈസ് പാർട്ടിയിൽ പ്രിവന്‍റീവ് ഓഫീസർമാരായ ജോണി. കെ, അജയ കുമാർ കെ.കെ, അനൂപ്. ഇ, പ്രജിഷ് .എ .സി, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ്. റ്റി.ജി, സനൂപ് കെ. എസ്, ചന്ദ്രൻ പി. കെ, ശിവൻ ഇ.വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിംജിത്ത് .പി എന്നിവർ പങ്കെടുത്തു. അതിനിടെ കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിലും കാറിൽ കടത്തിയ 32.5 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷെഫീഖും സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ മാട്ടൂൽ സ്വദേശി അഹമ്മദ് അലിയാണ് മയക്കുമരുന്നുമായി അറസ്റ്റിലായത്. 

Read More : പൊറോട്ടയിൽ പൊതിഞ്ഞ് കഞ്ചാവ്, മൊത്തമായും ചില്ലറയായും വിൽപ്പന; വീട് വളഞ്ഞ് എക്സൈസ്, തൊണ്ടിയോടെ പൊക്കി