കേസിൽ നേരത്തെ അറസ്റ്റിലായ സിപിഎം പെരുമാട്ടി-2 മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹരിദാസിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
പാലക്കാട്: മീനാക്ഷിപുരം സർക്കാർ പതിയിലെ സ്പിരിറ്റ് വേട്ടയിൽ രണ്ട് പേർ കൂടി പിടിയിലായി. വണ്ടിത്താവളം ചോഴിയോട് സ്വദേശി സുമേഷ് (41), തിരുവാലത്തൂർ കരിങ്കരപ്പുള്ളി സ്വദേശി ഗോപി (40) എന്നിവരെയാണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ പുതുനഗരത്ത് വെച്ച് മീനാക്ഷിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. സർക്കാർ പതിയിൽ അനധികൃതമായി സൂക്ഷിച്ച 1260 ലിറ്റർ സ്പിരിറ്റ് പിടികൂടിയ സംഭവത്തിലാണ് ഇരുവരും പിടിയിലാകുന്നത്. അറസ്റ്റിലായ ഗോപി സ്പിരിറ്റ് കടത്തുൾപ്പടെ നിരവധി കേസുകളിൽ മുൻപും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
കേസിൽ നേരത്തെ അറസ്റ്റിലായ സിപിഎം പെരുമാട്ടി-2 മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹരിദാസിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടുകൂടി സംഭവത്തിൽ ഇതുവരെ എട്ടുപേർ അറസ്റ്റിലായി. ഒക്ടോബർ 27ന് വൈകിട്ടാണ് ചിറ്റൂരിൽ 1260 ലിറ്റർ സ്പിരിറ്റ് കണ്ടെത്തിയത്. മീനാക്ഷിപുരം സർക്കാർ പതിയിൽ കണ്ണയ്യന്റെ വീട്ടിൽ വെച്ചാണ് സ്പിരിറ്റ് പിടികൂടിയത്. എൽസി സെക്രട്ടറി ഹരിദാസും, സഹായി ഉദയനും ചേർന്നാണ് സ്പിരിറ്റെത്തിച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ സിപിഎം പെരുമാട്ടി-2 മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹരിദാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസെടുത്തതോടെ ഒളിവിൽ പോയ ഹരിദാസ് പിന്നീട് മീനാക്ഷിപുരം സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഹരിദാസിനെ സിപിഎം പാർട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനും, പാർട്ടിക്ക് അവമതിപ്പ് ഉണ്ടാകുന്നവിധം പ്രവർത്തിച്ചെന്നും കണ്ടെത്തിയതോടെയാണ് ഹരിദാസിനെ പ്രാഥമിക അംഗത്വത്തിൽ നിന്നും സിപിഎം പുറത്താക്കിയത്.


