ആലപ്പുഴയിലെ കോളേജുകളിലും ഹോസ്റ്റലുകളിലും കയറിയിറങ്ങി എംഡിഎംഎ വിൽപ്പന നടത്തുന്ന രണ്ട് പേരെ പൊലീസ് പിടികൂടി. ബെംഗളൂരുവിൽ നിന്നെത്തിക്കുന്ന മയക്കുമരുന്ന് ഇരട്ടി വിലക്കാണ് വിൽപ്പന നടത്തിയിരുന്നത്.

ചേർത്തല: ബെംഗളൂരുവിൽ നിന്നും എംഡിഎംഎ എത്തിച്ച് ആലപ്പുഴ ജില്ലയിൽ ചില്ലറ വില്പന നടത്തുന്ന യുവാക്കൾ ചേർത്തല പൊലീസിന്റെ പിടിയിൽ. കായംകുളം കൃഷ്ണപുരം പഞ്ചായത്ത് നെടുംപുരയിടത്തിൽ വീട്ടിൽ രതീഷ്(34), കരുനാഗപ്പളളി കുലശേഖരമംഗലം മൂപ്പന്റെയത് പടീറ്റതിൽ അഫ്സൽ(30) എന്നിവരാണ് പടിയിലായത്. കഴിഞ്ഞ ഏപ്രിൽ അഞ്ചിന് ബാംഗ്ലൂരിൽ നിന്നും വിൽപനക്കായി എത്തിച്ച 98 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായിരുന്നു. ഈ കേസിലെ നാലും അഞ്ചും പ്രതികളാണ് രതീഷും അഫ്സലും.

ഏപ്രിലിൽ പിടിയിലായ ഒന്നും രണ്ടും പ്രതികളായ സുഭാഷും, ഷംനാസും നിലവിൽ റിമാൻഡിലാണ്. മൂന്നാം പ്രതി തിരച്ചിലിനിടെ വിദേശത്തേക്കു കടന്നതായാണ് സൂചന. റിമാൻഡിലുള്ളവരെ അടുത്തിടെ തുടരന്വേഷണത്തിന്റെ ഭാഗമായി ചേർത്തല പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കുകയും ചോദ്യം ചെയ്തിരുന്നു. സുഭാഷും ഷംനാസും ബാംഗ്ലൂരിൽ നിന്നും എത്തിക്കുന്ന എംഡിഎംഎയാണ് രതീഷും അഫസലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കോളേജുകളിലും ഹോസ്റ്റലുകളിലുമെത്തിച്ചു വിതരണം ചെയ്തിരുന്നത്. ഇരട്ടി വിലക്കായിരുന്നു ചില്ലറ വിൽപന. കഴിഞ്ഞ 17നാണ് ഇരുവരെയും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.