കൊല്ലം: നീണ്ടകര പാലം പൊളിച്ച് മാറ്റി പുതിയ പാലങ്ങള്‍ നിര്‍മ്മിക്കാൻ തീരുമാനം. ദേശീയപാത അറുപത്തിയാറിലുള്ള നീണ്ടകര പാലം പൊളിച്ച് മാറ്റി രണ്ട് പുതിയ പാലങ്ങളാണ് നിര്‍മ്മിക്കുക. പുതിയപാലം പൂര്‍ത്തിയാകുന്നതോടെ നാലര പതിറ്റാണ്ടിലധികം പഴക്കമുള്ള പഴയപാലം പൊളിച്ചുനീക്കും. ഇതിനായുള്ള സ്ഥലമെടുപ്പ് നടപടികൾ തുടങ്ങി.

കൊല്ലത്തു നിന്നുള്ള ആര്‍എസ്പി നേതാവും അന്നത്തെ പൊതുമരാമത്ത് മന്ത്രിയുമായിരുന്ന ടി കെ ദിവാകരന്‍ 1972-ല്‍ നാടിന് തുറന്നുകൊടുത്തതാണ് നീണ്ടകര പാലം. പിന്നീട് പാലത്തിന് ബലക്ഷയം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പാലം പൊളിക്കാനും പുതിയ പാലങ്ങള്‍ നിര്‍മ്മിക്കാനും തീരുമാനമാനിച്ചത്. ഇതിനായി 80 ഹെക്ടറിലധികം സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്.

ആദ്യപടിയായി സ്ഥലം അളന്നുതിട്ടപ്പെടുത്തുന്ന നടപടികൾ റവന്യൂ വകുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ പരിഹരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. പരാതികള്‍ പരിശോധിച്ച് സ്ഥലം ഏറ്റെടുത്താലുടന്‍ നിര്‍മ്മാണം തുടങ്ങും. അരക്കിലോമീറ്റര്‍ നീളത്തിലാണ് പുതിയ പാലങ്ങൾ നിർമ്മിക്കുക.

പുതിയപാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ നിലവിലെ പാലത്തിലൂടെ യാത്ര തുടരും. ഹാര്‍ബറിനോട് ചേര്‍ന്ന് ആദ്യപാലം നിര്‍മ്മിച്ച് സഞ്ചാരത്തിനായി തുറന്നുകൊടുക്കും. അതിനു ശേഷം നിലവിലെ പാലം പൊളിച്ച് ആ സ്ഥലത്ത് രണ്ടാമത്തെ പാലം നിര്‍മിക്കുമെന്നും ഡെപ്യൂട്ടി കളക്ടര്‍ സുമീതന്‍പിള്ള പറഞ്ഞു.