Asianet News MalayalamAsianet News Malayalam

നിരവധി കേസുകളില്‍ പ്രതികള്‍; കൊല്ലത്ത് രണ്ട് പേരെ കാപ്പ നിയമപ്രകാരം തടവിലാക്കി

പത്തും പതിനാലും കേസുകളില്‍ പ്രതികളായ ഇരുവരും നേരത്തെയും കാപ്പ നിയമപ്രകാരം തടവ് അനുഭവിച്ചിട്ടുണ്ട്. 

two people were jailed under Kappa Act in Kollam
Author
First Published Oct 7, 2022, 12:58 PM IST


കൊല്ലം:  കൊല്ലം സിറ്റി പൊലീസ് പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് പേരെ കാപ്പ നിയമപ്രകാരം തടവിലാക്കി. 2016 മുതൽ കൊല്ലം സിറ്റി പരിധിയിലെ ഓച്ചിറ, കരുനാഗപ്പളളി പൊലീസ് സ്റ്റേഷൻ പരിധിയിലും കായംകുളം സ്റ്റേഷൻ പരിധിയിലും 10 ക്രിമിനൽ കേസുകളിൽ പ്രതികളായ കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ വില്ലേജിൽ വിത്രോളി തറയിൽ വീട്ടിൽ നന്ദു എന്ന് വിളിക്കുന്ന ജിതിൻ രാജ് (25), 2016 മുതൽ ഇരവിപുരം, കിളികൊല്ലൂർ, കൊട്ടിയം, കൊല്ലം വെസ്റ്റ് എന്നീ പൊലീസ് സ്റ്റേഷൻ പരിധിയിൽ 14 ക്രിമിനൽ കേസുകളിൽ പ്രതിയായ കൊല്ലം താലൂക്കിൽ വടക്കേവിള വില്ലേജിൽ പുന്തലത്താഴം ചേരിയിൽ വീട്ടിൽ ആദർശ് (29) എന്നിവരെയാണ് കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയത്. 

പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് ഭീഷണിയായ ഇവർക്കെതിരെ നരഹത്യശ്രമം, മാരാകായുധം ഉപയോഗിച്ചുള്ള അക്രമം, സ്ത്രീകൾക്കെതിരെ ലൈംഗിക ആക്രമണം, ഭീഷണിപ്പെടുത്തൽ, കവർച്ച എന്നിങ്ങനെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്യ്തിട്ടുള്ളത്. മുമ്പ് രണ്ട് തവണ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുള്ള ആളാണ് ആദർശ്. കൊടുംകുറ്റവാളികൾക്കെതിരെ കാപ്പ ചുമത്തുന്നതിന്‍റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസ്, ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ അഫ്‌സാന പർവീൺ ഐ.എ.എസിന് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കലിന് ഉത്തരവായത്. 

കരുനാഗപ്പള്ളി എ സി പി വി.എസ് പ്രദീപ് കുമാർ, ഓച്ചിറ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ നിസാമുദ്ദീൻ എ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐമാരായ നിയാസ്, സി പി ഒ അനീഷ്, വിനോദ് എന്നിവരടങ്ങിയ സംഘമാണ് ജിതിൻ രാജിനെ അറസ്റ്റ് ചെയ്തത്. കൊല്ലം എ സി പി അഭിലാഷ് എ, ഇരവിപുരം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്. ഐ ജയേഷ്, സിപിഒ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് ആദർശിനെ അറസ്റ്റ് ചെയ്തത്. ഇവരെ കരുതൽ തടങ്കലിനായി പൂജപ്പുര സെൻട്രൽ ജയിലിലേക്കയച്ചു.

Follow Us:
Download App:
  • android
  • ios