അപകടത്തിന് പിന്നാലെയെത്തിയ ലോറി പൊട്ടിവീണ വൈദ്യുതകമ്പിയുമായി മൂന്നോട്ട് നീങ്ങിയതോടെയാണ് പോസ്റ്റുകൾ വീണത്...
ആലപ്പുഴ: നിയന്ത്രണം വിട്ട ലോറി പോസ്റ്റിലിടിച്ച രണ്ടു പേർക്കു പരിക്കേറ്റു. അപകടത്തെ തുടർന്ന് എട്ടു വൈദ്യുത പോസ്റ്റ് നിലം പൊത്തി.
ഇതോടെ മണിക്കൂറുകളോളം ഒരു പ്രദേശം മുഴുവൻ വൈദ്യുതി നിലച്ചു. പുന്നപ്ര അറവുകാടിന് സമീപം ഇന്ന് പുലർച്ചെയായിരുന്നു അപകടം. കൊല്ലത്തുനിന്ന് കണ്ണൂരിലോക്ക് പോകുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച ശേഷം പോളിടെക്നിക്കിന്റെ മതിലിൽ ഇടിച്ചു നിന്നത്.
അപകടത്തിൽ ലോറി ഡ്രൈവർ കണ്ണൂർ കതിരൂർ സ്വദേശി ജിൻസൺ ടോൺ( 31), കണ്ണൂർ മന്നാരിക്കുഴി പാലം സോണി (38) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇവരെ വണ്ടാനം മെഡിക്കൽ കോളോജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യത്തെ ലോറി ഇടിയുടെ ആഘാതത്തിൽ ദേശിയ പാതയിലേക്ക് ഒരു പോസ്റ്റു നിലം പൊത്തി. തുടർന്നു പുറകെ വന്ന ലോറി വൈദ്യുതി കമ്പിയുമായി മുന്നോട്ടു പായുമ്പോഴാണ് റോഡിന്റെ കിഴക്കുവശം നിന്ന ഏഴോളം പോസ്റ്റുകൾ നിലം പൊത്തിയത്.
ഈ സമയത്ത് റോഡിൽ മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. പോസ്റ്റ് ഒടിഞ്ഞു വീഴുന്ന ഭയാനകമായ ശബ്ദം കേട്ട് ഓടിക്കൂടിയ അറവുകാട് കോളനിവാസികളാണ് പുന്നപ്ര വൈദ്യുത ഓഫിസിൽ വിവരമറിയിച്ചത്. തുടർന്ന് ജീവനക്കാരെത്തി പകൽ 11 ഓടെയാണ് ഒടിഞ്ഞു വീണ പോസ്റ്റ് മാറ്റി വൈദ്യുതി പുനഃസ്ഥാപിച്ചത്. എട്ടു മണിക്കൂറോളമാണ് ഈ ഭാഗത്ത് വൈദ്യുതി നിലച്ചത്. അപകടത്തെ തുടർന്ന് ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു.
