ഫണ്ട് വിനിയോഗത്തിലെ വീഴ്ചകളും സ്കൂളിന്റെ ശോച്യാവസ്ഥയും വ്യക്തമാക്കി രക്ഷിതാക്കൾ വിദ്യാഭ്യാസ മന്ത്രി, പട്ടിക വർഗ വകുപ്പ് മന്ത്രി എന്നിവർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു.

ഇടുക്കി: കണ്ണംപടി ഗവ.ട്രൈബൽ ഹൈസ്കൂളിലെ രണ്ട് അധ്യാപികമാർക്ക് സ്ഥലംമാറ്റം. സ്കൂളിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ നടത്തിയ തെളിവെടുപ്പിനു പിന്നാലെയാണ് നടപടി. പ്രധാനാധ്യാപികയുടെ ചുമതല വഹിച്ചിരുന്ന നിത്യ കല്യാണി, സീനിയർ അസിസ്റ്റന്റ് സ്വപ്ന എന്നിവരെയാണ് സ്ഥലം മാറ്റിയത്.

ഫണ്ട് വിനിയോഗത്തിലെ വീഴ്ചകളും സ്കൂളിന്റെ ശോച്യാവസ്ഥയും വ്യക്തമാക്കി രക്ഷിതാക്കൾ വിദ്യാഭ്യാസ മന്ത്രി, പട്ടിക വർഗ വകുപ്പ് മന്ത്രി എന്നിവർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് രക്ഷിതാക്കളും സ്കൂൾ നേതൃത്വവുമായി അഭിപ്രായ വ്യത്യാസവും രൂക്ഷമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ 26ന് ഡിഡി ആർ വിജയയുടെ നേതൃത്വത്തി ലുള്ള സംഘം സ്കൂളിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. സ്കൂളിന്റെ വികസനത്തിന് സ്കൂളിലെ ചിലർ തടസ്സം നിൽക്കുന്നന്നത് ഉൾപ്പെടെയുള്ള പരാതികൾ രക്ഷിതാക്കൾ ഡിഡിഇയെ അറിയിച്ചിരുന്നു.

ഇത്തരക്കാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ സമരം ആരംഭിക്കുമെന്നും രക്ഷിതാക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് 2 അധ്യാപകരെ സ്ഥലം മാറ്റിയിരിക്കുന്നത്. കോഴിക്കോട് സ്വദേശിയെ പ്രധാനാധ്യാപകനായി നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഡിഡിഇയുടെ അന്വേഷണ റിപ്പോർട്ട് ബന്ധപ്പെട്ട മേലധികാരികൾക്ക് കൈമാറി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം