ആലപ്പുഴ: വീടിന് മുന്‍വശത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടു വയസുള്ള കുട്ടി തോട്ടില്‍ വീണ് മരിച്ചു. തലവടി കാരിക്കുഴി വാലയില്‍ റോജിയുടേയും അനീഷയുടേയും മകന്‍ ആല്‍ഫി (2) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4.45-ന് വീടിന്  മുന്‍വശത്തെ കൈതത്തോട് മൂന്നുമൂല തോട്ടില്‍ വീണാണ് അപകടം സംഭവിച്ചത്. 

വീട്ടില്‍ പെയിന്‍റിംഗ് പണി നടക്കുകയായിരുന്നതിനാല്‍ തോടിനോട് ചേര്‍ന്നുള്ള ഗേറ്റ് തുറന്നുകിടക്കുകയായിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആല്‍ഫി ഗേറ്റ് വഴി നീന്തിചെന്നാണ് തോട്ടില്‍ വീണത്. കുട്ടിയെ കാണാഞ്ഞതിനെ തുടര്‍ന്നുള്ള തെരച്ചിലില്‍ ആല്‍ഫിയെ തോട്ടില്‍ നിന്ന് കണ്ടെത്തിയെങ്കിലും ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ ആല്‍ഫിയുടെ പിതാവും മുത്തശ്ശിയും പെയിന്‍റിംഗ് തൊഴിലാളികളും വീട്ടിലുണ്ടായിരുന്നു.