ടര്‍ഫില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഫ്ലഡ്ലൈറ്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തെന്നാണ് പരാതി.

തിരുവനന്തപുരം: ആഡംബര വാഹനവുമായി ടർഫിൽ അതിക്രമിച്ചുകയറി അക്രമം നടത്തിയ കേസിൽ രണ്ടുപേരെ പൊലീസ് പിടികൂടി. പാലോട് നന്ദിയോട് മണ്ണാർകുന്ന് മിഥുനത്തിൽ മിഥുൻ, കള്ളിപ്പാറ സ്വദേശി അഖിൽ എന്നിവരെയാണ് പാലോട് പൊലീസ് പിടികൂടിയത്. പാലോട് പച്ച ശാസ്താ ക്ഷേത്രത്തിനു സമീപം പ്രവർത്തിക്കുന്ന സ്പോർട്സ് ടർഫിൽ ആഡംബര വാഹനവുമായി അതിക്രമിച്ചുകയറി അവിടെ ഉണ്ടായിരുന്നവരെ ദേഹോപദ്രവം ഏൽപ്പിച്ച് അതിക്രമം നടത്തിയെന്ന പരാതിയിലാണ് നടപടി.

ടര്‍ഫില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഫ്ലഡ്ലൈറ്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവശേഷം പ്രതികൾ ഒളിവിലായിരുന്നു. അറസ്റ്റിലായ യുവാക്കള്‍ പാലോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.

പാലോട് ഇൻസ്പെക്ടർ പി ഷാജിമോന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ എ നിസാറുദ്ദീൻ, റഹീം സിപിഒ മാരായ വിനീത്, സുലൈമാൻ, എസ്.സി.പി.ഒ മാരായ രാജേഷ്, സജീവ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read More: മധ്യപ്രദേശിലെ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടുത്തം; 10പേർ മരിച്ചു

തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്ത്; രണ്ട് കിലോ കഞ്ചാവുമായി പാലക്കാട്‌ സ്വദേശി അറസ്റ്റിൽ

പാലക്കാട്: പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട തുടരുന്നു. ആര്‍പിഎഫും എക്സൈസ് ആന്‍റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡും നടത്തിയ പരിശോധനയില്‍ രണ്ട് കിലോ കഞ്ചാവുമായി പാലക്കാട് സ്വദേശി പിടിയില്‍. തച്ചമ്പാറ കാരാകുറുശ്ശി വാഴേമ്പുറം സ്വദേശി പാറശ്ശേരി വീട്ടിൽ ഹംസ മകൻ ഷാനവാസിനെ (40) ആണ് രണ്ട് കിലോ 400 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. 

തച്ചമ്പാറ, കാരാകുറുശ്ശി കേന്ദ്രീകരിച്ച് സ്കൂൾ പരിസരങ്ങളിൽ കഞ്ചാവ് വില്പന വ്യാപകമാണെന്ന് പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്ക് പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് എക്സൈസിന് ആന്ധ്രപ്രദേശിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വില്പന നടത്തുന്ന ആളെ കുറിച്ചുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് എക്സൈസ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്കോഡും പാലക്കാട് ആർ പി എഫ്ഉം സൈബർ സെല്ലും സംയുക്തമായി നടത്തിയ വിദഗ്ധമായ നീക്കത്തിനൊടുവിലാണ് പ്രതി വലയിലായത്. 

ഷോൾഡർ ബാഗിൽ തുണികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ഷാനവാസ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. കഞ്ചാവ് വാങ്ങി ട്രെയിനിൽ വിജയവാഡയിലാണ് ഷാനവാസ് ആദ്യം എത്തിയത്. അവിടെ നിന്ന് കേരള എക്സ് പ്രസിൽ കോയമ്പത്തൂരിൽ ഇറങ്ങി. പിന്നീട് കോയമ്പത്തൂർ - കണ്ണൂർ പാസഞ്ചറിൽ കയറി പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. സ്റ്റേഷനില്‍ നിന്നും തച്ചമ്പാറയിലേക്ക് പോകുന്നതിനായി പുറത്തിറങ്ങിയ പ്രതിയെ എക്സൈസും ആര്‍പിഎഫും വളഞ്ഞിട്ട് പിടിക്കുകയായിരുന്നു. മറ്റു ജില്ലകളിൽ ഷാനവാസിനെതിരെ സമാനമായ കേസുകളുണ്ടോ എന്നും കഞ്ചാവ് കടത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും എക്സൈസ് പരിശോധിക്കുന്നുണ്ട്.