സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. 

കോഴിക്കോട്: കോഴിക്കോട് ഫ്രൂട്ട്സ് കടയിലെ ജീവനക്കാരന്‍റെ മൊബൈല്‍ ഫോണ്‍(Mobile phone) മോഷ്ടിച്ച(Robbery) യുവാക്കള്‍ പിടിയില്‍. പാവങ്ങാട് പുതിയങ്ങാടി സീതാലയം രതീഷ് (36), പുതുപ്പാടി ഈങ്ങാപ്പുഴ പീടിക കുന്നുമ്മൽ സഫ്നാസ് (31) എന്നിവരാണ് കസബ പൊലീസിൻറെ പിടിയിലായത്. പാളയത്ത് പ്രവര്‍ത്തിക്കുന്ന ഫ്രൂട്ട്സ് കടയിൽ രാത്രിയിൽ കിടന്നുറങ്ങുകയായിരുന്ന ജോലിക്കാരന്‍റെ മൊബൈൽ ഫോൺ ആണ് പ്രതികള്‍ മോഷ്ടിച്ചത്. കസബ പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ അഭിഷേക് എസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

മൊബൈല്‍ ഫോണ്‍ മോഷണം പോയതായി പഴക്കടയിലെ ജീവനക്കാര്‍ കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികളെ തിരിച്ചറിഞ്ഞ് 24 മണിക്കൂറിനുള്ളിൽ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളില്‍ നിന്നും മോഷ്ടിച്ച മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു. കസബ സ്റ്റേഷനിലെ സി.പി.ഒ മാരായ എം. മുനീർ, മുഹമ്മദ് സക്കറിയ, ടി.കെ. വിഷ്ണു പ്രഭ എന്നിവരും പ്രതികളെ പിടികൂടി സംഘത്തിലുണ്ടായിരുന്നു.