Asianet News MalayalamAsianet News Malayalam

ആന്ധ്രയില്‍ നിന്ന് കഞ്ചാവ്, ഇടപാട് ഗൂഗിള്‍ പേ വഴി; കോഴിക്കോട് വൻ കഞ്ചാവ് വേട്ട, യുവാക്കൾ അറസ്റ്റിൽ

ആന്ധ്രയിൽ നിന്നും റോഡ് മാർഗം പെരിന്തൽമണ്ണയിലെ രഹസ്യ കേന്ദ്രത്തിൽ എത്തിച്ചശേഷം ആവശ്യക്കാർ എത്തിച്ചുകൊടുക്കുന്നതാണ് ഇവരുടെ രീതി. കിലോഗ്രാമിന് രണ്ടായിരം രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവാണ് മുപ്പതിനായിരം രൂപ വരെ ഈടാക്കി വിൽപന നടത്തുന്നത്. 

two youth arrested with 12 kg marijuana in kozhikode
Author
Kozhikode, First Published Jun 30, 2022, 11:11 PM IST

കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ മയക്കുമരുന്ന് എത്തിച്ചു നൽകുന്ന റാക്കറ്റിൽ പെട്ട രണ്ട് യുവാക്കളെ കോഴിക്കോട് ഡൻസാഫും എലത്തൂർ പൊലീസും ചേർന്ന് പിടികൂടി. പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി തവളേങ്ങൽ വീട്ടിൽ ഇർഷാദ് (33), അങ്ങാടിപ്പുറം പുഴക്കാട്ടിരി സ്വദേശി സാദിഖ് (38) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് ജില്ലാ പോലീസ് മേധാവിയുടെ ചുമതലയുള്ള ആമോസ് മാമ്മൻ ഐ.പി.എസ് ൻ്റെ നിർദ്ദേശപ്രകാരം നടന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. 

നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പി. പ്രകാശൻ്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി. ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും സബ് ഇൻസ്പെക്ടർ കെ. രാജേഷിന്റെ നേതൃത്വത്തിലുള്ള എലത്തൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പന്ത്രണ്ട് കിലോഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. പെരിന്തൽമണ്ണ കേന്ദ്രീകരിച്ച് സംസ്ഥാനത്തിൻ്റെ വിവിധഭാഗങ്ങളിൽ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിൽ പെട്ടവരാണ് പിടിയിലായത്. 

ആന്ധ്രയിൽ നിന്നും റോഡ് മാർഗം പെരിന്തൽമണ്ണയിലെ രഹസ്യ കേന്ദ്രത്തിൽ എത്തിച്ചശേഷം ആവശ്യക്കാർ എത്തിച്ചുകൊടുക്കുന്നതാണ് രീതി. പൊലീസിനെ കബളിപ്പിക്കാൻ പാലക്കാട് ഭാഗത്തേക്ക് സഞ്ചരിച്ച് ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം കോഴിക്കോട് കണ്ണൂർ ഭാഗങ്ങളിലേക്ക് പോകാറാണ് പതിവ്. തിരൂർ നിന്നും തൃശൂർ എറണാകുളം എന്നിവിടങ്ങളിലേക്ക് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തശേഷം മലബാറിൻ്റെ വിവിധ ഭാഗങ്ങളിൽ ഓട്ടോറിക്ഷയിലും വാടകയ്ക്ക് എടുക്കുന്ന കാറിലും ബൈക്കിലുമായാണ് കഞ്ചാവ് ആവശ്യക്കാർക്ക് നേരിട്ട് എത്തിച്ചു നൽകുന്നത്.

Read More  ഖത്തറിലേക്ക് വീണ്ടും നിരോധിത പുകയില കടത്താന്‍ ശ്രമം; പിടികൂടി കസ്റ്റംസ്

ദിവസങ്ങൾ നീണ്ട രഹസ്യ നിരീക്ഷണത്തിനൊടുവിലാണ്  പ്രതികൾ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ ഉപയോഗിക്കാൻ സാധ്യതയുള്ള വാഹനങ്ങൾ കേന്ദ്രീകരിച്ച്  നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ എലത്തൂർ സബ്ബ് ഇൻസ്പെക്ടർ കെ.രാജേഷിൻ്റെ പിടിയിലായത്.  ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വാഹനങ്ങളുടെ നമ്പർ   ഉൾപ്പെടെ ഡാൻസാഫ് രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. പ്രതികളിൽ നിന്നും പന്ത്രണ്ട് കിലോഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ഇത്തവണ ഇർഷാദിന്റെ ജ്യേഷ്ഠന്റെ വാഹനമാണ് പ്രതികൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ചത്.

കഞ്ചാവിന് ഗൂഗിൾ പേ വഴിയാണ് പണം നൽകേണ്ടത്. പണം നൽകിയശേഷം  കഞ്ചാവ് എത്തിച്ച് നൽകേണ്ടസ്ഥലം വാട്ട്സ്ആപ്പ് വഴി അയച്ചുനൽകണം. അവിടെ കഞ്ചാവെത്തിക്കുയാണ് സംഘം ചെയ്യുന്നത്. ആന്ധ്രയിൽ നിന്നും കിലോഗ്രാമിന് രണ്ടായിരം രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവാണ് മുപ്പതിനായിരം രൂപ വരെ ഈടാക്കിയാണ് വിൽപന നടത്തുന്നത്.  ഗൂഗിൾ പേ ചെയ്യേണ്ട നമ്പർ അതാത് സമയങ്ങളിൽ ഇർഷാദ് ആവശ്യക്കാരെ അറിയിക്കുകയാണ് പതിവ്. വിവിധ അക്കൗണ്ട് നമ്പറുകളാണ് ഇർഷാദ് ഇടപാടിനായി ഉപയോഗിച്ചിരുന്നത്.

 കോഴിക്കോട് തഹസിൽദാർ എം.എൻ. പ്രേംലാലിൻ്റെ നേതൃത്വത്തിൽ തുടർ പരിശോധന നടന്നു. കോഴിക്കോട് ഡൻസാഫ് അസിസ്റ്റന്റ് എസ്ഐ മനോജ് എടയേടത്ത് സീനിയർ സിപിഒ കെ. അഖിലേഷ്, സിപിഓമാരായ ജിനേഷ് ചൂലൂർ, സുമേഷ് ആറോളി, അർജുൻ അജിത്ത്, കാരയിൽ സുനോജ് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത്കുമാർ, സി.കെ.സുജിത്ത്, ഷാഫി പറമ്പത്ത് എലത്തൂർ സി.പിഓ ആർ. രാഹുൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Follow Us:
Download App:
  • android
  • ios